Kerala
കാസർഗോഡ്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്. വി.ഡി. സതീശന്റെ അർധനഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.
കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചിറ്റാരിക്കാൽ പോലീസിന്റേതാണ് നടപടി. വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് പ്രതികൾ ചിത്രം പ്രചരിപ്പിച്ചത്.
ഈസ്റ്റ് എളേരി എന്ന വാട്സ്ആപ് കൂട്ടായ്മയിലാണ് പ്രതികൾ ചിത്രം പങ്കുവച്ചത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ജോർജ് നൽകിയ പരാതിയിലാണ് നടപടി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം: മധ്യവേനലവധിക്കു ശേഷം പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് സ്കൂളുകൾ തുറന്നു. 42 ലക്ഷം വിദ്യാർഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലായി എത്തിയത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ, കലാ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് ഗാരന്റികൾ സർക്കാർ പ്രഖ്യാപിച്ചു. മറ്റുള്ളവ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണ്. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും. ഉന്നത വിദ്യാഭ്യാസമേഖലയെ ആധുനീകരിക്കും. പുതിയ അറിവുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
ബക്രീദ് ആശംസിക്കാനായി പാണക്കാട്ടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
നേരത്തെ, ഡൽഹിയിൽ മാധ്യമപ്രവർത്തകർ നാലുതവണയായി വിഷയത്തെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല.
റെയ്ഡിന് പിന്നിൽ ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണെന്നും വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Kerala
കൊച്ചി: മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തി. വി.ഡി. സതീശന്റെ ദേശത്തെ വീട്ടിലാണ് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. മുനമ്പം സമരസമിതിയിലെ മൂന്നു നേതാക്കളാണ് ചർച്ചയ്ക്കെത്തിയത്.
അതേസമയം, സമരസമിതിക്ക് മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. വിഷയം ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം വിശദമായി തന്നെ ചർച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തങ്ങളുടെ ആശങ്കകൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചുവെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും സമരസമിതി നേതാവ് ജോസഫ് ബെന്നി പറഞ്ഞു.
വഖഫ് ബോർഡ് മുനമ്പത്തെ ഭൂമി കേന്ദ്ര സർക്കാരിന്റെ "ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനിടെയാണ് കൂടിക്കാഴ്ച.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ. ന്യൂഡൽഹിയിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു കൂടിക്കാഴ്ച. വികസന കാര്യങ്ങളും വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനകാര്യമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രതികരിച്ചില്ല. രാത്രി 7.20ന്റെ വിമാനത്തിൽ അദ്ദേഹം കൊച്ചിക്ക് പുറപ്പെട്ടു.
National
ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ചരയോടെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സതീശൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷ സാഹചര്യം വ്യക്തമാക്കിയേക്കും. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുമായുള്ള 20 മിനിറ്റ് കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി മടങ്ങും.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്. പ്രധാനമന്ത്രിയുടെ സേവാതീര്‍ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസനവും വിവിധ പദ്ധതികള്‍ക്കായുള്ള കേന്ദ്രസഹായവും ചര്‍ച്ചയായതായാണ് സൂചന.
എയിംസ്, മെട്രോ, റെയില്‍വെ വികസനം, തുറമുഖ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് വൈകുന്നേരം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കാണും.
കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെയും കാണും.
Kerala
തൃശൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും. സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും.
മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദര്‍ശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ഭക്തര്‍ക്ക് തടസമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്.
എന്നാല്‍, ഞായറാഴ്ച ദര്‍ശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറും വ്യക്തമാക്കി.
ക്ഷേത്രത്തില്‍ നെയ് വിളക്ക് ചീട്ടാക്കുന്നയാള്‍ക്ക് വരിനില്‍ക്കാതെ ദര്‍ശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുന്‍ ദേവസ്വം ജീവനക്കാരന് ടി.കെ. ഗോപാലകൃഷ്ണന് അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു.
അഞ്ച് പേര്‍ക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്‍പ്പടെനാല് പേരാണ് ദര്‍ശനത്തിനായി കയറിയത്. മറ്റ് ഭക്തര്‍ക്ക് തടസമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറും വിശദീകരിച്ചു.
Kerala
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവിന് ഇരയായ ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. മെഡിക്കൽ കോളജിലെ മാതൃശിശു കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡറായാണ് നിയമനം.
രാവിലെ പത്തോടെ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റും. ചൊവ്വാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനുമായും ആരോഗ്യ മന്ത്രി കെ. മുരളീധരനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജോലി സംബന്ധിച്ച തീരുമാനമുണ്ടായത്.
2017ൽ ആയിരുന്നു പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2022ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു.
ഹർഷിന നൽകിയ പരാതിയിൽ കേസെടുത്ത മെഡിക്കൽ കോളജ് പോലീസ് ഡോക്ടർമാരും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീർഥിലെ ഓഫീസില്‍ ആണ് കൂടിക്കാഴ്ച നടക്കുക. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ സംബന്ധിച്ച് ചർച്ചയുണ്ടായേക്കും. വിവിധ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനുമായും വി.ഡി. സതീശന് കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ സെക്രട്ടറിയായി നിയമിച്ചതിനെതിരെയുള്ള വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഖേൽക്കറുടെ നിയമനം സ്വാഭാവികമായ ഭരണനടപടി മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ അടിയന്തര സാഹചര്യത്തിൽ എടുത്ത ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും പൂർണമായ ഉദ്യോഗസ്ഥ നിയമനങ്ങൾ ആയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തിയാൽ അതോടെ സിഇഒയുടെ ജോലി തീരുകയാണെന്നും അത് കഴിഞ്ഞാൽ പിറ്റേ ദിവസം അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കണമെന്നാണോ വിവാദം ഉണ്ടാക്കുന്നവർ പറയുന്നതെന്നും സതീശൻ ചോദിച്ചു. നളിനി നെറ്റോയെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിൽ നിയമിച്ചിട്ടില്ലേ എന്നും സതീശൻ ആരാഞ്ഞു.
ബംഗാളിലെ സാഹചര്യമല്ല കേരളത്തിലുള്ളതെന്നും യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് ഖേൽക്കറാണെന്ന് പറയുന്നത് എന്തൊരു തമാശയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ബംഗാളിൽ സിഇഒക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വ്യക്തിപരമല്ലാതെ വിമർശനം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസുമടക്കം പരാതികൾ ഉന്നയിച്ചിരുന്നു. എസ്ഐ ആറിലൂടെ നിരവധി പേരെ വോട്ടർ പട്ടികയൽ നിന്ന് ബംഗാളിലെ സിഇഒ പുറത്താക്കിയെന്ന ഗുരുതരമായ ആരോപണമുണ്ടായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിൽ രത്തൻ ഖേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
ബിജെപിക്കോ സിപിഎമ്മിനോ അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് പരാതിയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനായ ഖേൽക്കർ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും പല സുപ്രധാന പദവികളും വഹിച്ചിട്ടുള്ളയാളാണ്. മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Kerala
തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്രദർശനത്തിലെ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ. മുഖ്യമന്ത്രി ദർശനം നടത്തിയത് നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് നെയ് വിളക്ക് ശീട്ട് ആക്കിയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിനകത്ത് കടന്നത്. അഞ്ചുപേർക്ക് ദർശനം നടത്താം എന്നിരിക്കെ അകത്തു കടന്നത് നാലുപേർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ തടയുന്ന നടപടി ഉണ്ടായില്ല. ഒരാളുടെയും ദർശനം മുടക്കിയില്ല. പായസം കൊണ്ടുപോകുന്ന സമയത്ത് 15 മിനിറ്റോളം ഭക്തർക്കൊപ്പം കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കിയതെന്നും അരുൺ വ്യക്തമാക്കി.
മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും മന്ത്രി എം. ലിജു, ബിന്ദു കൃഷ്ണ എന്നിവർ ദർശനം നടത്തിയത് പുലർച്ചെയാണെന്നും നിയമപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും രംഗത്തെത്തിയിരുന്നു.
അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും ഗോപിനാഥ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം നേതാവ് എ.എ. റഹീം എംപി. ഖേൽക്കർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സങ്കീർണമാക്കിയെന്നും ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഖേൽക്കർ നടത്തിയ ഇടപെടിൽ സംശയമുണ്ടെന്നുമാണ് റഹീം പ്രതികരിച്ചത്. നിയമനത്തിൽ എഐസിസിയും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും റഹീം ആവശ്യപ്പെട്ടു.
എഐസിസിയും കെ.സി. വേണുഗോപാലും ഖേൽക്കർക്കെതിരെ നിലപാടെടുത്തവരാണ്. ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടന്നയാൾക്ക് സതീശൻ സ്വന്തം കീശ ഏൽപ്പിച്ചു. എന്ത് ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും റഹീം ചോദിച്ചു.
രാഹുൽ ഗാന്ധി യുദ്ധം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ്. പക്ഷെ ഇവിടെ രാഹുലിന്റെ ശത്രു സതീശന്റെ മിത്രമായെന്നും റഹീം ചൂണ്ടിക്കാട്ടി. കെ.സി. വേണുഗോപാലിന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദേഹം പറഞ്ഞു. എഐസിസി വിഷയത്തിൽ വിശദീകരണം നൽകണമെന്നും റഹീം ആവശ്യപ്പെട്ടു.
'ഞായറാഴ്ച തന്നെ എന്തിന് ധൃതി പിടിച്ച് ചുമതലയേറ്റു. ഇതിലൊന്നും ദുരൂഹതയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് തന്നെ ഖേൽക്കർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗും ഖേൽക്കറുടെ നിയമത്തിന് പിന്നിലെ നിലപാട് വ്യക്തമാക്കണം.
ബംഗാളിലെ നിയമനത്തെ എതിർത്തവർ നിലപാട് വ്യക്തമാക്കണം. എസ്ഐആറുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ട്. ഞങ്ങൾ അതിന്റെ പിന്നാലെയുണ്ട്. ബംഗാളിലും ഇവിടെയും നടക്കുന്നത് ഒരേ കാര്യം. സതീശനും ഖേൽക്കറും തമ്മിലുള്ള അവിശുദ്ധമായ ബന്ധം തെളിഞ്ഞു. നീതിമാനെങ്കിൽ മുഖ്യമന്ത്രി യുക്തിസഹമായ വിശദീകരണം നൽകണം. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെ സതീശൻ മറികടന്നു. മുഖ്യമന്ത്രിക്ക് ഒരുപാട് മറുപടി പറയേണ്ടി വരും' എന്നാണ് റഹീം പറഞ്ഞത്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർ തല്ലിയ സംഭവത്തിൽ നടത്തിയ പുനരന്വേഷണത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് കൈമാറും.
സംസ്ഥാന പോലീസ് മേധാവിക്ക് ആണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പ്തല നടപടികൾ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതിൽ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുക.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര്‍ ഇന്ന് ചുമതലയേൽക്കും. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെയാണ് അവധി ദിനത്തിൽ തന്നെ ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് തീരുമാനം.
രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവർ നിയമനത്തിനെതിരെ രംഗത്തെത്തി. യുഡിഎഫിനെ ജയിപ്പിച്ചതിലുള്ള ഉപകാര സ്മരണമയെന്നാണ് ആരോപണം.
പ്രതിപക്ഷ ആരോപണത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും രത്തൻ ഖേൽക്കര്‍ കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയും എസ്ഐആര്‍ നിരീക്ഷകനായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായി നിയമിച്ചതിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
മോഷണം കൂടും തോറും പ്രതിഫലവും കൂടുമെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഈ വിമർശനം നിലനിൽക്കെയാണ് കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുന്നത്.
Kerala
ന്യൂഡൽഹി: ഹൈക്കമാൻഡ് നേതാക്കളെ കാണാൻ ഡൽഹിയിലെത്തി മുഖ്യമന്ത്രി വി.ഡി സതീശന് കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. കെസിയുടെ വസതിയിലെത്തിയ മുഖ്യമന്ത്രിയെ അദ്ദേഹം പുറത്തേക്ക് ഇറങ്ങിവന്ന് സ്വീകരിച്ചു.
കെപിസിസി അധ്യക്ഷസ്ഥാനമടക്കമുള്ള നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് വിവരം. യോഗത്തിന് ശേഷം മുഖ്യമന്ത്രി കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖർഗെയുമായി കൂടികാഴ്ച നടത്തും. രാവിലെ 11:30ന് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തും.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കർ ഐഎഎസിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന പദവിയിലേക്ക് നിയോഗിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളുടെ ആദ്യഘട്ട ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ഈ നിർണായക സ്ഥലംമാറ്റം. 2003 ബാച്ച് കേരള കേഡർ ഐഎഎസ് ഓഫീസറായ രത്തൻ ഖേൽക്കർ, സംസ്ഥാന ഐടി മിഷൻ ഡയറക്ടർ, കൃഷി വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി സുപ്രധാന പദവികൾ മുൻപ് വഹിച്ചിട്ടുണ്ട്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്ന പശ്ചാത്തലത്തിൽ, ഭരണപരമായ കാര്യങ്ങൾ വേഗത്തിലാക്കാൻ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സഹായകരമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ, പ്രത്യേകിച്ച് യുവതലമുറയെ ആകർഷിക്കാൻ അദ്ദേഹം നടത്തിയ ബോധവൽക്കരണ പരിപാടികളും 'വോട്ട് പാട്ടും' വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായും, സീജി ജി.എസിനെ പ്രസ് സെക്രട്ടറിയായും, ടി. ശ്രീകുമാറിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥ തലപ്പത്തെ ഈ പുതിയ മാറ്റം.
പുതിയ ചീഫ് ഇലക്ടറൽ ഓഫീസറെ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന പാനലിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും അടുത്ത ഘട്ടത്തിൽ പുതിയ സിഇഒയെ നിശ്ചയിക്കുക.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തു പല കീഴ്വഴക്കങ്ങളും മാറ്റിയെഴുതുന്ന വി.ഡി. സതീശൻ കാർ യാത്രയിലും ചരിത്രം സൃഷ്ടിക്കുന്നു. പ്രായത്തെക്കാൾ എളിമ എല്ലാറ്റിലും പുലർത്തുന്ന വി.ഡി. സതീശൻ ഇനി സഭയിൽ മാത്രമല്ല സ്റ്റേറ്റ് കാറിലും ഒന്നാമനാണ്.
ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ ഡ്രൈവറുടെ വശത്ത് മുൻസീറ്റിലാണ് സതീശന്റെ യാത്ര. മുന്നിൽ മുഖ്യമന്ത്രി, പിന്നിൽ സ്റ്റാഫ് എന്നിങ്ങനെയാണ് ഇപ്പോൾ സഞ്ചാരം. സാധാരണ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ രണ്ടാമത്തെ നിര സീറ്റിലാണ് മുഖ്യമന്ത്രിമാർ ഇരിക്കുന്നത്.
കാർ ഭ്രമക്കാരനായ കരുണാകരൻ പോലും രണ്ടാം നിരയിലേ ഇരുന്നിട്ടുള്ളൂ. 36-ാം വയസിൽ മുഖ്യമന്ത്രിയായ എ.കെ. ആന്റണി എല്ലാറ്റിലും ചെറുപ്പം കാണിച്ചെങ്കിലും കാർ യാത്രയിൽ പിമ്പൻ തന്നെയായിരുന്നു
മന്ത്രിമാരിൽ ചിലർക്കൊക്കെ കാറിന്റെ മുൻസീറ്റിൽ തന്നെ ഇരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. ബി. വെല്ലിംഗ്ടൺ, ടി.എച്ച്. മുസ്തഫയും ഒക്കെ അങ്ങനെ യാത്ര ചെയ്തവരായിരുന്നു.
മുഖ്യമന്ത്രിയുടെഒന്നാം നിരയിലെ കാർ യാത്രയിൽ സുരക്ഷാ വിഭാഗത്തിനു ചില ആശങ്കകൾ ഒക്കെ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും ആണ് . അവർക്ക് പെട്ടെന്ന് തന്നെ നല്ല സ്നാപ്പിനു ചിരിച്ച മുഖം റെഡി.
Kerala
കൊച്ചി: എറണാകുളം മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ ഒഴിപ്പിക്കലിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. വിഷയത്തിൽ പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം. ജോണിനേയും വി.പി. സജീന്ദ്രൻ എംഎൽഎയേയും മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലപ്പെടുത്തി.
ഒഴിപ്പിക്കൽ നടപടിയിൽ കോടതിയോട് സാവകാശം ചോദിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്.
മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടി 23-ന് തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി കർശന നിർദേശം നൽകിയിരുന്നു.
നടപടികൾ 23-ന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തദിവസം തുടരണം. 25-ന് വൈകുന്നേരം മൂന്നിനകം നടപടിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.
അതേ സമയം, ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് നല്കിയ കത്തിലാണ് പോലീസ് മേധാവി റവാഡാ ചന്ദ്രശേഖരന് മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വടശേരി ദാമോദരമേനോൻ സതീശൻ എന്ന പേര് പൂർണമായി വായിച്ചതിന്റെ പേരിലുള്ള ആരോപണം ചില കോണുകളിൽനിന്നും ഉയർന്നു നില്ക്കവേ ഇന്നലെ നടന്ന എംഎൽഎ സത്യപ്രതിജ്ഞയിലും മുഖ്യമന്ത്രി തന്റെ പിതാവിന്റെ പേരും പൂർണമായി വായിച്ചാണ് സത്യപ്രതിജ്ഞ നടത്തിയത്.
പിതാവിന്റെ പേരിനൊപ്പമുള്ള മേനോൻ എന്നത് സത്യവാചകത്തിനൊപ്പം പറഞ്ഞതാണ് ചിലകോണുകളിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയത്.
എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ താൻ എംഎൽഎ ആകുന്നതിനു മുന്‍പേ തന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണെന്നും അവരോടുള്ള ആദരവ് അറിയിക്കാനാണ് പിതാവിന്റെ പേര് പൂർണമായും വായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്നലെ വി.ഡി. സതീശനെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ ഭരണപക്ഷം ഒന്നടങ്കം ഡെസ്കി ൽ കൈയടിച്ചാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെ ഗാലറിയിൽ നിന്നും കൈയടി ഉയർന്നു.
തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി ഗാലറിയിലിരുന്നു കൈ അടിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്നു നിർദേശം നല്കി.
Kerala
തിരുവനന്തപുരം: എംഎല്‍എ ആയുള്ള സത്യപ്രതിജ്ഞയിലും പേരിനൊപ്പം പിതാവിന്റെ പേരായ വടശേരി ദാമോദര മേനോന് എന്നാവർത്തിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന് പേരിനൊപ്പം ചേർത്തത് വിവാദമായിരുന്നു.
മുഖ്യമന്ത്രി പേരിനൊപ്പം ജാതിവാൽ ചേർത്തെന്ന് കോൺഗ്രസിൽനിന്ന് തന്നെയാണ് വിമർശനമുയർന്നത്. എന്നാൽ താൻ പറഞ്ഞത് പിതാവിന്റെ പേരാണെന്നും അതിൽ എന്താണ് തെറ്റെന്നുമായിരുന്നു വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി.
അമ്മയുടെ പേരു കൂടി പറയാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്. താന്‍ എംഎല്‍എ ആകുന്നതിനു മുമ്പ് മരിച്ചു പോയതാണ് രണ്ടു പേരും. അച്ഛന്റെ പേര് പറയാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതില്‍ സന്തോഷമാണുള്ളത്. ആ സമയം അമ്മയെ മനസില്‍ വിചാരിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഗവർണർ ആർ.വി. അർലേക്കർ ചൊവ്വാഴ്ച സ്ഥലത്തില്ലാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ വകുപ്പുവിഭജന വിജ്ഞാപനം വൈകിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വകുപ്പു വിഭജന തർക്കമൊന്നുമില്ല.
മന്ത്രിസഭാ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ വകുപ്പുവിഭജനം പൂർത്തിയാക്കിയിരുന്നു. സാധാരണ 48 മണിക്കൂർ വരെയെടുത്താണ് വകുപ്പു വിഭജനം പൂർത്തിയാക്കുന്നത്. ഇതിൽ കാലതാമസമുണ്ടായിട്ടില്ല.
കിഫ്ബിയുമായി ബന്ധപ്പെട്ട് നിരന്തരം ഉയർന്ന എല്ലാ ആക്ഷേപങ്ങളും പരിശോധിച്ചുവരികയാണ്. കെഎസ്ആർടിസി സൗജന്യയാത്ര ഇനി മന്ത്രിസഭയിൽ വരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
►►വി.ഡി. സതീശൻ (മുഖ്യമന്ത്രി)
ധനകാര്യം, നിയമം, തുറമുഖം, ശാസ്ത്ര സാങ്കേതികം, നാഷണൽ സേവിംഗ്സ്, സ്റ്റോർ പർച്ചേസ്, കൊമേഴ്സ്യൽ ടാക്സസ്, അഗ്രികൾച്ചറൽ ഇൻകം ടാക്സ്, ട്രഷറി, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, സ്റ്റേറ്റ് ഇൻഷ്വറൻസ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ, സ്റ്റാന്പും സ്റ്റാന്പ് ഡ്യൂട്ടിയും, പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ്, പൊതുഭരണം, ഓൾ ഇന്ത്യ സർവീസസ്, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ റിഫോംസ്, ഇലക്ഷൻ, ഇന്റഗ്രേഷൻ, സൈനിക ക്ഷേമം, ദുരിതാശ്വാസം, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റീസ്, വിമാനത്താവളങ്ങൾ, റെയിൽവേ, മെട്രൊ റെയിൽ, അന്തർ സംസ്ഥാന നദീജലം, കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ, കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി. ഇതിനു പുറമെ നയപരമായ കാര്യങ്ങളും നിർദേശിക്കാത്ത മറ്റു വകുപ്പകളും മുഖ്യമന്ത്രിയുടെ ചുമതലയിൽ ഉൾപ്പെടുന്നു.
►പി.കെ. കുഞ്ഞാലിക്കുട്ടി
വ്യവസായം, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാർട്ടപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, ഹാൻഡ്ലൂംസ് ആൻഡ് ടെക്സ്റ്റൈൽസ്
►രമേശ് ചെന്നിത്തല
ആഭ്യന്തരം, വിജിലൻസ്,ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിൽ, കയർ
► കെ. മുരളീധരൻ
ആരോഗ്യം, ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സർവകലാശാല,നാട്ടു വൈദ്യം, ആയുഷ്, ഡ്രഗ് കണ്ട്രോൾ, ഫുഡ് സേഫ്റ്റി
►സണ്ണി ജോസഫ്
വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം
►റോജി എം. ജോണ്‍
ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ(കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഒഴികെയുള്ളവ), എൻട്രൻസ്, എൻസിസി, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം
►എൻ. ഷംസുദ്ദീൻ
പൊതുവിദ്യാഭ്യാസം, സാക്ഷരത പ്രസ്ഥാനം, ഹജ്ജ്, വഖഫ്, ന്യൂനപക്ഷക്ഷേമം
►എം. ലിജു
സഹകരണം, എക്സൈസ്
►പി.സി. വിഷ്ണുനാഥ്
വിനോദസഞ്ചാരം, സാംസ്കാരികം, കെഎസ് എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
►ടി. സിദ്ദിഖ്
കൃഷി, മണ്ണ് സംരക്ഷണം,കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ്
കോർപറേഷൻ
►ബിന്ദു കൃഷ്ണ
തൊഴിൽ,ക്ഷീരവികസനം, മൃഗ സംരക്ഷണം, മിൽക്ക് കോ-ഓപ്പറേറ്റീവ്സ്, വനിത-ശിശു ക്ഷേമം
►കെ.എ. തുളസി
പട്ടികജാതി, പട്ടികവർഗ പിന്നാക്ക ഷേമം
►സി.പി. ജോണ്‍
റോഡ്- ജല ഗതാഗതം, മോട്ടോർ വെഹിക്കിൾ
►പി.കെ. ബഷീർ
പൊതുമരാമത്ത്
►ഒ.ജെ. ജനീഷ്
കായികം, യുവജനകാര്യം, മൃഗശാല, മ്യൂസിയം, രജിസ്ട്രേഷൻ, ആർക്കിയോളജി, ആർക്കൈവ്സ്
►മോൻസ് ജോസഫ്
ജലവിഭവം, സിഎഡിഎ, ഭൂഗർഭ ജലം, ജലവിതരണം,ശുചിത്വം, ഭവനനിർമാണം
►വി.ഇ. അബ്ദുൾ ഗഫൂർ
ഫിഷറീസ്, ഹാർബർ എൻജിനിയറിംഗ്, സാമൂഹ്യക്ഷേമം
►എ.പി. അനിൽകുമാർ
റവന്യു, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്, ഭൂപരിഷ്കരണം
►കെ.എം. ഷാജി
തദ്ദേശ സ്വയംഭരണം, ടൗണ്‍ പ്ലാനിംഗ്, ഗ്രാമവികസനം, റീജണൽ ഡെവലപ്മെന്റ് അഥോറിറ്റീസ്, കില
►അനൂപ് ജേക്കബ്
ഭക്ഷ്യ സിവിൽ സപ്ലൈസ്, കണ്‍സ്യൂമർ അഫയേഴ്സ്, ലീഗൽ മെട്രോളജി
►ഷിബു ബേബി ജോണ്‍
വനം, സ്കിൽ ഡെവലപ്മെന്റ്
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ പിതാവിന്റെ പൂർണമായ പേര് പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ അദ്ദേഹത്തിന് പൂർണ പിന്തുണയുമായി പ്രശസ്ത കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സ്വന്തം പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന ഒരു മകന്റെ കടമയാണ് മുഖ്യമന്ത്രി നിർവഹിച്ചതെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു എന്ന തരത്തിൽ ഉയർന്ന വിമർശനങ്ങളോട് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വൈകാരികമായാണ് പ്രതികരിച്ചത്. അച്ഛന്റെ പേര് വ്യക്തമാക്കാനാണ് താൻ ആ പേര് വായിച്ചതെന്നും ആ സമയത്ത് അമ്മയെയാണ് മനസിൽ ഓർത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാഹചര്യം അനുവദിച്ചിരുന്നെങ്കിൽ അമ്മയുടെ പേരും താൻ പറയുമായിരുന്നുവെന്നും, മാതാപിതാക്കളുടെ പേര് പറയുന്നത് തനിക്ക് സന്തോഷവും അഭിമാനവുമാണെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പിതാവ് വടശ്ശേരിൽ ദാമോദര മേനോൻ, അമ്മ വിലാസിനി അമ്മ എന്നിവരെക്കുറിച്ചുള്ള ഓർമ്മകളും ശ്രീകുമാരൻ തമ്പി തന്റെ കുറിപ്പിൽ പങ്കുവെച്ചു. വി.ഡി. സതീശൻ എഴുതി ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച "ആദം നീ എവിടെയാകുന്നു?" എന്ന പുസ്തകത്തെക്കുറിച്ചും ശ്രീകുമാരൻ തമ്പി തന്റെ കുറിപ്പിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
വിവിധ ക്രിസ്തുമത സമ്മേളനങ്ങളിൽ വി.ഡി. സതീശൻ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണിത്. ഒരു മാസം കൊണ്ട് ഒന്നാം പതിപ്പ് വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് താൻ വായിക്കുന്നതെന്ന് തമ്പി പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. വന്ദേമാതരം ആലപിച്ചത് രാജ്ഭവന്റെ നിർദേശം അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നു, അവിടെ നിന്നപ്പോഴാണ് കേട്ടത്. അതിനിടയിൽ ചെന്ന് തടസപ്പെടുത്താൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണെന്നും അത് ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്നും സിപിഎം വിമർശനം ഉന്നയിച്ചിരുന്നു.
ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നിട്ടും സത്യപ്രതിജ്ഞ ചടങ്ങിൽ ഇത്തരമൊരു ഗാനം ആലപിച്ചിരുന്നില്ല എന്ന് കാണണം. അവിടെ പോലും അവതരിപ്പിക്കാത്ത ഗാനമാണ് കേരളത്തിൽ അവതരിപ്പിച്ചതെന്നുമായിരുന്നു വിമർശനം.
Kerala
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി വൃദ്ധജനക്ഷേമത്തിനായി ഒരു വകുപ്പ് കേരളത്തിൽ രൂപീകരിച്ചു. വയോജന ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ചു നടപ്പിലാക്കുന്നതിനും നിലവിലുള്ള പദ്ധതികൾ ഏകോപിച്ച് നടപ്പിലാക്കുന്നതിനുമാണ് പുതിയ വകുപ്പ് എന്ന് വിജ്ഞാപനത്തിൽ പറയുന്നു.
ഇതു സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പൊതു ഭരണ വകുപ്പിൽ നിന്ന് പുറത്തിറങ്ങി. ഇനി ആരാകും ആദ്യ വയോജന മന്ത്രി എന്നതാണ് അറിയേണ്ടത്. മിക്കവാറും മുഖ്യമന്ത്രി തന്നെയാണ് വയോജന വകുപ്പ് കൈകാര്യം ചെയ്യാൻ സാധ്യത.
മുഖ്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ പത്രസമ്മേളനത്തിൽ ജപ്പാൻ മാതൃകയിൽ വയോജന വകുപ്പ് നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ചിരുന്നു. കഴിഞ്ഞ സർക്കാർ കാലത്ത് വയോജന കമ്മീഷൻ രൂപീകരിക്കുകയും ചെയർമാനെക്കൂടാതെ നാല് അംഗങ്ങളെ നിയമിക്കുകയും ചെയ്തിരുന്നു. സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.
സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിൽ 14567 എന്ന ട്രോൾ നമ്പർ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ തുടങ്ങുകയുണ്ടായി. കൂടാതെ മുനിസിപ്പാലിറ്റികളിൽ വയോമിത്രം ക്ലിനിക്, അത്യാഹിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വയോരക്ഷ പദ്ധതി, പ്രമേഹ രോഗികളുടെ മരുന്ന്, ഗ്ലൂക്കോമീറ്റർ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ വയോ മധുരം പദ്ധതി എന്നിവ ഈ വകുപ്പിന് കീഴിൽ തുടങ്ങിയിരുന്നു.
60 വയസിന് മുകളിലുള്ളവരാണ് വയോജന വകുപ്പിന് കീഴിൽ വൃദ്ധർ എന്ന പരിഗണനയിൽ വരുന്നത്. കേരളത്തിൽ മൊത്തം ജനസംഖ്യയിൽ വൃദ്ധരുടെ എണ്ണം വർധിക്കുന്നതും വിധവകളുടെ എണ്ണം, വൃദ്ധ സദനങ്ങളുടെ എണ്ണം വർധിക്കുന്നതും കണക്കിലെടുത്തു കൂടിയാണ് പുതിയൊരു വകുപ്പിന്റെ രൂപീകരണത്തിന് കാരണമായത്.
മാത്രമല്ല ആരോഗ്യ സംരക്ഷണം, അവർക്ക് ലഭിക്കേണ്ട നിയമപരിരക്ഷ, അണുകുടുംബങ്ങൾ ശ്രദ്ധിക്കുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം വകുപ്പിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇപ്പോഴത്തെ തോതനുസരിച്ച് 2030ൽ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 20 ശതമാനം 60 വയസിന് മുകളിലുള്ളവരാകും എന്നാണ് കണക്കാക്കപ്പെടുന്നത്. 2011ലെ കണക്കിൽ വൃദ്ധജന തോത് 16.5 ശതമാനമാണ്.
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞയില്‍ പേരിനൊപ്പം ജാതിവാൽ ചേർത്തെന്ന വിവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. താൻ പേരിനൊപ്പം പറഞ്ഞത് അച്ഛന്റെ പേരാണ്. അമ്മയുടെ പേരും പറയാൻ ആഗ്രഹിച്ചെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
താൻ എംഎൽഎ ആകുന്നതിന് മുമ്പ് തന്നെ രണ്ട് പേരും മരിച്ചു. അച്ഛന്റെ പേര് പറഞ്ഞതിൽ തെറ്റെന്താണ്. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി വി ഡി സതീശന് 'മേനോന്' എന്ന് പേരിനൊപ്പം ചേര്‍ത്തതിനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ജിന്റോ ജോണ്‍ ആണ് ആദ്യം ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയത്. പിന്നാലെ വി .ആര്.അനൂപും സതീശനെ വിമര്‍ശിച്ചു.
വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ രാജു പി.നായരും ബിആര്‍എം ഷെഫീറും മുഹമ്മദ് ഷിയാസും സതീശന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം- കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശയും സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ വകുപ്പുകളിലെ തര്‍ക്കം തീര്‍ന്നു. വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി പട്ടിക മുഖ്യമന്ത്രി വി.ഡി. സതീശന് ഗവര്‍ണര്‍ക്ക് കൈമാറി. 42 വകുപ്പുകളടങ്ങിയ പട്ടികയാണ് മുഖ്യമന്ത്രി വി.ഡി.സതീശന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച രാത്രിയിലാണ് വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. എഐസിസി നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി വകുപ്പുകളുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയത്. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കി ഗസറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് വകുപ്പുകളുടെ കാര്യത്തിലാണ് തര്‍ക്കം നിലനിന്നിരുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന്റെ പക്കലായിരുന്നു. ഇത് വിട്ടുനല്‍കണമെങ്കില്‍ ഫിഷറീസ് നല്‍കണമെന്ന് ലീഗ് നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍ ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും കടലിനെ അറിയുന്നയാളായിരിക്കണം വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് ലത്തീന്‍ സഭ നിലപാട് സ്വീകരിച്ചിരുന്നു. ഫിഷറീസ് വകുപ്പ് വിട്ടുനല്‍കരുതെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നിലപാട് സ്വീകരിച്ചിരുന്നു.
ലത്തീന്‍ സമുദായത്തില്‍ നിന്നും കോണ്‍ഗ്രസ് ആരെയും മന്ത്രിയാക്കാത്തതിലെ അതൃപ്തിയും സഭാ നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി സഭാ നേതൃത്വവുമായും ലീഗ് നേതൃത്വവുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തര്ക്കപരിഹാരമായത്.
നിലവില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ താഴെ പറയുന്ന പ്രകാരമാണ്.
NRI
തിരുവനന്തപുരം: കേരളത്തിലെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തതിനു ശേഷം പ്രവാസി മലയാളി പ്രതിനിധികൾ കൺട്രോൾമെന്റ് ഹൗസിൽ എത്തി മുഖ്യമന്ത്രി വി.ഡി. സതീശനെ പൊന്നാട അണിയിച്ച് ആശംസകൾ അറിയിച്ചു.
Kerala
തിരുവനന്തപുരം: പ്രോടെം സ്പീക്കറായി മുതിര്‍ന്ന നിയമസഭാംഗം ജി. സുധാകരന് സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ ലോക്ഭവനില്‍ ഗവര്‍ണറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ടാമതാണ് അദ്ദേഹം പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി.ഡി.,സതീശനും മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെയാണ് നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറാണ്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെയാണ് പ്രോടെം സ്പീക്കറുടെ ചുമതല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്യുന്നതും ജി.സുധാകരന്റെ മുന്നിലാണെന്നതാണ് മറ്റൊരു കൗതുകം.
സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ ജി. സുധാകരന് അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വേളയില്‍ പിണറായി വിജയനും സജി ചെറിയാനും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സുധാകരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പിണറായി വിജയന് നടത്തിയ ചെറ്റ പ്രയോഗം തെരഞ്ഞെടുപ്പില്‍ സുധാകരന് ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തിയിരുന്നു.
നിയമസഭയിലെ മുതിര്‍ന്ന അംഗത്തെയാണ് പ്രോടെം സ്പീക്കറായി നിയമിക്കുന്നത്. ജി. സുധാകരനെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തതിന് പിന്നിലും രാഷ്ട്രീയ കാരണങ്ങളുണ്ട്. സിപിഎം നേതൃത്വം വെല്ലുവിളിച്ചാണ് സുധാകരന് അമ്പലപ്പുഴയില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത്.
Kerala
കൊച്ചി: അധികാരമേറ്റതോടെ തങ്ങളുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള നടപടികളിലാണ് സംസ്ഥാനത്തെ മന്ത്രിമാർ. പരിചയസമ്പന്നർക്കും സന്തതസഹചാരികൾക്കും പുറമെ പാർട്ടി നേതാക്കൾ ശിപാർശ ചെയ്യുന്നവരെയും സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിയിലാണു മന്ത്രിമാർ.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ ചീഫ് വിപ്പ്, പ്രതിപക്ഷനേതാവ് എന്നിവർക്കും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാം. മുഖ്യമന്ത്രിക്ക് 37 പേരെയും കാബിനറ്റ് പദവിയിലുള്ളവർക്ക് 25 പേരെയുമാണ് പരമാവധി നിയമിക്കാനാകുക .രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 523 ആയിരുന്നു.
ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പേഴ്സണൽ സ്റ്റാഫിനു ലഭിക്കും.6033 രൂപയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളുടെ കുറഞ്ഞ ശമ്പളം. വ്യവസായ മന്ത്രിയുടെ ഓഫീസിലെ കുക്കിനാണ് ഈ ശമ്പളം. ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് 2.47 ലക്ഷം രൂപയായിരുന്നു പ്രതിമാസം ശമ്പളം. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിയിരുന്ന 11 പേർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്റ്റാഫിൽ 27 പേരാണ് ഉണ്ടായിരുന്നത്. അന്ന് പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേർ. ടൂറിസം, രജിസ്ട്രേഷൻ മന്ത്രിമാർക്ക് ഉണ്ടായിരുന്നത് 19 വീതം സ്റ്റാഫ്. മറ്റെല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 20 ന് മുകളിലായിരുന്നു.കഴിഞ്ഞ മാർച്ചിലെ ശമ്പള പട്ടികപ്രകാരം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ആകെ ശമ്പളത്തുക 4.62 കോടി രൂപയാണ്.
മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കും. 3350 രൂപയാണ് നിലവിലെ കുറഞ്ഞ പെൻഷൻ. ഉയർന്ന പെൻഷൻ 83400 രൂപയും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒന്നരയാഴ്ച മാത്രം ശേഷിക്കേ പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു. പത്താംക്ലാസിലേക്കുള്ള പാഠപുസ്തകങ്ങൾ മാത്രമാണ് വിതരണം പൂർത്തിയായത്.
പേപ്പറുകളുടെ ലഭ്യതക്കുറവാണ് അച്ചടി പ്രതിസന്ധിക്ക് കാരണം. ആവശ്യത്തിന് പേപ്പർ കിട്ടാത്തതിനാൽ മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടില്ല. ഇതോടെ സംസ്ഥാനത്തെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
Kerala
തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തുവരും. 2023 ഡിസംബറിൽ നടന്ന സംഭവത്തിലാണ് അന്വേഷണം.
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവം എസ്ഐടി അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കും.
ആദ്യ മന്ത്രിസഭ യോഗത്തിന് പിന്നാലെ എസ്ഐടിയെ സംബന്ധിച്ചുള്ള ശിപാർശ ഡിജിപി, ആഭ്യന്തര വകുപ്പിന് നൽകി. ഈ ശിപാർശ ആഭ്യന്തരമന്ത്രി പരിശോധിച്ച് ഇന്ന് ഉത്തരവിറങ്ങും. രക്ഷാപ്രവർത്തനമാണ് നടന്നതെന്നായിരുന്നു പിണറായി സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.
എ.ഡി. തോമസ് എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് സംഭവത്തിൽ മർദനമേറ്റിരുന്നു. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
Editorial
ആശയറ്റവരെ ആശ്ലേഷിച്ച്, നീതിയും കരുണയും
കരുതലും ഉറപ്പാക്കി ഉജ്വലതുടക്കം!
ഭരണഘടന, അമ്മാളുവമ്മ, ആദം;
ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ
വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
ആശയറ്റ ജോലിക്കാർക്കു വേതനവർധനയും സ്ത്രീകൾക്കു സൗജന്യയാത്രയും വയോജനങ്ങൾക്കു കരുതലും “രക്ഷാപ്രവർത്തകഗുണ്ട’’കളുടെ മർദനമേറ്റവർക്കു നീതിയും നൽകി വിഡിഎസ് സർക്കാർ ഉജ്വല തുടക്കമിട്ടിരിക്കുന്നു.
നുണേശനെന്ന ആക്ഷേപ-നുണപ്രചാരണത്തിനു ക്രിയാത്മക മറുപടിയായി പ്രധാന തെരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നടപ്പാക്കിയിരിക്കുന്നു. ഇനിയുള്ളതും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ഒപ്പം, ഭരണഘടന, അമ്മാളുവമ്മ, ആദം; മൂന്നു ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
മുൻസർക്കാർ സ്വന്തം വിധിയുടെ പ്രധാന വരികളെഴുതിയത് ആശാ വർക്കർമാരോടുള്ള നിന്ദ്യമായ പ്രതികരണത്തിലൂടെയായിരുന്നു. നിസാരവേതന വർധന ചോദിച്ച നിർധനരുടെ ഭാഷപോലും മനസിലാക്കാനാവാത്തവിധം ഇടതുപക്ഷം ജനങ്ങളിൽനിന്നകന്നിരുന്നു. ഇന്നലെ അധികാരമേറ്റ യുഡിഎഫ് സർക്കാർ അവിടെനിന്നു തുടങ്ങി.
ആശമാർക്ക് 3000 രൂപയുടെ വർധന അദ്യഘട്ടമായി പ്രഖ്യാപിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ പിന്നീടു പരിഗണിക്കും. അങ്കണവാടി ജീവനക്കാർ, പാചകതൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിലും തത്കാലം 1000 രൂപയുടെ വർധന. ഇന്ദിരാ ഗ്യാരന്റികളിലെ മറ്റൊന്ന് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയായിരുന്നു. ജൂൺ 15 മുതൽ അതും നടപ്പിലാകും. രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു വകുപ്പും പ്രഖ്യാപിച്ചു. അതിന്റെ സ്വപ്നപദ്ധതികൾ പിന്നീടറിയിക്കും.
രാഷ്ട്രീയ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആലപ്പുഴയിൽ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനും ഉത്തരവിട്ടു. “രക്ഷാപ്രവർത്തനം’’ എന്നു ധാർഷ്ട്യവ്യാഖ്യാനം നൽകിയ ആ സംഭവത്തിലും നീതി നടപ്പാകേണ്ടതുണ്ടെന്ന് സർക്കാർ കരുതുന്നു.
ചരിത്രമെഴുതാൻ സഹായിക്കുന്ന മൂന്നു ഘടകങ്ങൾകൂടിയുണ്ട്. ഭരണഘടനയാണ് ഒന്നാമത്. അതിനെ നോക്കുകുത്തിയാക്കരുത്. നാടിന്റെ പുരോഗതിയെയും ഐക്യത്തെയും സാഹോദര്യത്തെയും വളരാൻ അനുവദിക്കാത്ത, വിഭാഗീയതയുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും അന്തകവിത്തുകൾ വളരരുത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ ആഡംസ് പറഞ്ഞത്, ശ്രദ്ധേയമാണ്. “”ജനാധിപത്യം താമസിയാതെ ഉപയോഗശൂന്യമാകും. ആത്മഹത്യ ചെയ്യാത്ത ജനാധിപത്യമൊന്നും ചരിത്രത്തിലില്ല.’’’’ ഈ വാദത്തോടു വിയോജിക്കാൻ കാരണങ്ങളുണ്ടാകാം.
പക്ഷേ, ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഫാസിസത്തെയും മതരാഷ്ട്രങ്ങളെയും ഏകാധിപതികളെയും നാമെങ്ങനെ നിർവചിക്കും? വധശിക്ഷ വിധിക്കപ്പെട്ട ജനാധിപത്യസംവിധാനങ്ങളുമായി നാമെങ്ങനെ അതിജീവിക്കും? ജനാധിപത്യവും മതേതരത്വവും ഭരണഘടനയിലുണ്ട്, ഭരിക്കുന്നവരിലില്ല എന്ന സ്ഥിതി ഉണ്ടാകാതിരിക്കട്ടെ.
അമ്മാളുവമ്മ ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വയോധികയാണ്. സഹോദരങ്ങളോ മക്കളോ ഇല്ലാത്ത സീതാലക്ഷ്മി അമ്മാളിനെ അമ്മാളുവമ്മ എന്നു വിളിച്ചത് വി.ഡി. സതീശൻ തന്നെയാണ്. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയും ഉയർത്തിപ്പിടിച്ചുനിന്ന അമ്മാളുവമ്മയെ വേദിയിൽ കയറ്റി അദ്ദേഹം ആശ്ലേഷിച്ച കാഴ്ച രാജ്യത്തിന്റെ ഹൃദയം കവർന്നു.
പ്രളയകാലത്തു തന്നെ സഹായിച്ച നേതാവിനോടുള്ള മറക്കാനാവാത്ത ആത്മബന്ധമാണ് അവരെ അവിടെയെത്തിച്ചത്. വെറുപ്പല്ല, സ്നേഹമാണ് ജനങ്ങൾക്കാവശ്യം. അമ്മാളുവമ്മ വ്യക്തിയല്ല, പ്രതീകമാണ്. പാവങ്ങളോടും അവഗണിക്കപ്പെട്ടവരോടുമുള്ള കരുതലിന്റെ പേരായി അതു മാറട്ടെ.
മുഖ്യമന്ത്രി വി.ഡി. സതീശൻ എഴുതി അടുത്തയിടെ പ്രകാശനം ചെയ്ത പുസ്തകമാണ് “ആദം നീ എവിടെ ആകുന്നു?’’. അദ്ദേഹത്തിന്റെ ഏതാനും പ്രഭാഷണങ്ങളാണ് അതിലുള്ളത്. മനുഷ്യൻ നേരിട്ട ആ ആദ്യചോദ്യം അവനെവിടെയാണെന്ന് ദൈവത്തിന് അറിയാനായിരുന്നില്ല. പാപം ചെയ്തിട്ട് ഒളിച്ചിരിക്കുന്നത് താനറിയുന്നു എന്നായിരുന്നു ബൈബിളിലെ വ്യംഗ്യം.
സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾക്കു മുന്‍പ് ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ, ഇന്നലെ അധികാരമേറ്റ മന്ത്രിമാരിൽ ആരെങ്കിലും സത്യപ്രതിജ്ഞാലംഘനം നടത്തിയാൽ, ജനക്ഷേമത്തിൽനിന്നു പിന്മാറിയാൽ, കഠിനാധ്വാനം ചെയ്യാതിരുന്നാൽ, അഴിമതിയുടെയോ മറ്റേതെങ്കിലും പ്രലോഭനങ്ങളുടെയോ വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ “മന്ത്രീ, നീ എവിടെ ആകുന്നു?’’ എന്ന ചോദ്യം ജനങ്ങളിൽനിന്നുണ്ടാകും എന്ന മുന്നറിയിപ്പൊന്നും ഗ്രന്ഥകാരൻ ഉദ്ദേശിച്ചു കാണില്ല. പക്ഷേ, അഴിമതിവിരുദ്ധ-ഉത്തരവാദഭരണത്തിന്റെ ആത്മപരിശോധനയ്ക്കായി ആ ചോദ്യം ഓരോ ജനപ്രതിനിധിയും ഉള്ളിൽ കുറിച്ചാൽ വിഡിഎസ് കപ്പലിന്റെ ദിശ തെറ്റില്ല.
സർക്കാരിന്റെ സാന്പത്തികസ്ഥിതിയാണ് ജനക്ഷേമത്തിന്റെ അടിസ്ഥാനം. ഖജനാവിനെക്കുറിച്ചു ഭിന്നാഭിപ്രായമുണ്ട്. എത്രയും വേഗം ധവളപത്രം പുറത്തിറക്കി ആശയക്കുഴപ്പം പരിഹരിക്കുകയും പ്രതിസന്ധിയുണ്ടെങ്കിൽ പരിഹാരക്രിയകൾക്കു കുറിക്കുകയും വേണം. വിനോദസഞ്ചാരമേഖലകളിലെ വികസന-വരുമാന സാധ്യതകൾ അപാരമാണ്.
തെരുവുനായകൾ, വന്യജീവികൾ, മയക്കുമരുന്നടിമകൾ, ഗുണ്ടാസംഘങ്ങൾ, മാലിന്യസംസ്കരണം, കർഷക പ്രതിസന്ധികൾ... ഇരുട്ടിന്റെ വാഴ്ചകൾ തകർന്നടിയണം. ഇവയൊക്കെ കണ്ടില്ലെന്നു നടിച്ചതിന്റെ പിഴയാണ് മുൻഗാമികൾ ഒടുക്കിയത്. ചോദ്യങ്ങളിലേറെയും പഴയതാണ്. ചിലതിന് ഉത്തരങ്ങളില്ലായിരുന്നു. മറ്റു ചിലതാകട്ടെ പുതിയ ഉത്തരങ്ങൾ കാത്തിരിക്കുന്നു.
ഇന്നലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം മാതൃകാപരമായൊരു കാഴ്ചയായിരുന്നു. പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും ഇതരസംസ്ഥാന മുഖ്യമന്ത്രിമാരും പതിനായിരക്കണക്കിനു ജനങ്ങളും സാക്ഷിയായി. ഭരണ-പ്രതിപക്ഷ-പാർട്ടി ഭേദമില്ലാതുള്ള ഈ പങ്കാളിത്തം ഭരണത്തിലുമുണ്ടായാൽ ഏതു പ്രതിസന്ധിയെയും സംസ്ഥാനത്തിന് അതിജീവിക്കാനാകും. നന്പർ വൺ ഒരു “നന്പരല്ല’’, നമ്മുടെ ലക്ഷ്യമാണ്.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ പൂർത്തിയായി മണിക്കൂറുകൾ പിന്നിട്ടിട്ടും വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നത് നീളുന്നു. ചില പ്രധാന വകുപ്പുകളെച്ചൊല്ലി കോൺഗ്രസും രണ്ടാം കക്ഷിയായ മുസ്ലിം ലീഗും തമ്മിൽ തർക്കം നിലനിൽക്കുന്നതാണ് ഈ കാലതാമസത്തിന് കാരണം. വകുപ്പുകളുടെ അന്തിമ പട്ടിക ഇതുവരെ രാജ്ഭവന് (ലോക്ഭവൻ) കൈമാറിയിട്ടില്ല.
ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളെച്ചൊല്ലിയാണ് മുന്നണിക്കുള്ളിൽ പ്രധാനമായും ചർച്ചകളും തർക്കങ്ങളും നടക്കുന്നത്. കോൺഗ്രസിലെ റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകാനായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ആദ്യ തീരുമാനം. എന്നാൽ ഈ വകുപ്പ് തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുനൽകണമെങ്കിൽ, മുൻപ് കോൺഗ്രസ് കൈവശം വെച്ചിരുന്ന ഫിഷറീസ് വകുപ്പ് ലീഗിന് നൽകണമെന്ന കടുത്ത ഉപാധിയാണ് അവർ മുന്നോട്ടുവെച്ചത്.
എന്നാൽ, തീരദേശ മേഖലകളിൽ ലത്തീൻ സഭ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്ന അഭിപ്രായമാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. ലീഗിന് ഈ വകുപ്പ് നൽകുന്നതിൽ കോൺഗ്രസിനുള്ളിൽ ശക്തമായ എതിർപ്പുണ്ട്.
മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലും അന്തിമ തീരുമാനത്തിലെത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. കോൺഗ്രസ് നേതാവ് ടി. സിദ്ദിഖിന് ഒടുവിൽ കൃഷി വകുപ്പ് നൽകാനാണ് നേതൃത്വം തീരുമാനിച്ചതെങ്കിലും അദ്ദേഹത്തിന് ഈ വകുപ്പ് ഏറ്റെടുക്കുന്നതിൽ താൽപര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വകുപ്പ് വിഭജനത്തിലെ ഈ അനിശ്ചിതത്വങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മുന്നണിയിലെ മറ്റ് മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ്. തർക്കങ്ങൾ പരിഹരിച്ച് എത്രയും വേഗം അന്തിമ പട്ടിക രാജ്ഭവന് കൈമാറാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ ശ്രമം.
Kerala
തിരുവനന്തപുരം: കേരളത്തിൽ പുതിയ സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലും അനക്സ് മന്ദിരങ്ങളിലുമായാണ് മന്ത്രിമാരുടെ ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ ഭരണനടപടികൾ കൂടുതൽ വേഗത്തിലാകും.
ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. മൂന്നാം നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. രണ്ടാം നിലയിൽ മന്ത്രിമാരായ കെ. മുരളീധരൻ, രമേശ് ചെന്നിത്തല. ഒന്നാം നിലയിൽ മന്ത്രിമാരായ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർ.
നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ മന്ത്രി സണ്ണി ജോസഫും രണ്ടാം നിലയിൽ മന്ത്രി അനൂപ് ജേക്കബും തങ്ങളുടെ ഓഫീസുകൾ തുറക്കും. മെയിൻ ബ്ലോക്ക് ഒന്നാം നിലയിൽ മന്ത്രിമാരായ സി.പി. ജോൺ, എ.പി. അനിൽകുമാർ. സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിൽ മന്ത്രി ടി. സിദ്ദിഖും മൂന്നാം നിലയിൽ മന്ത്രി കെ.എ. തുളസിയും ചുമതലയേൽക്കും. മന്ത്രിമാർക്കായി അനക്സ് മന്ദിരങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Kerala
കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം സ്വാഗതം ചെയ്ത് അംഗന്‍വാടി ജീവനക്കാരും. അംഗന്‍വാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ പ്രൈമറി അധ്യാപകര്‍ എന്നിവരുടെ വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചതായാണ് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപിച്ചതാണ്. ആശമാരുടെ സമരത്തോളം തങ്ങളുടെ സമരം ശ്രദ്ധിക്കപ്പെട്ടെങ്കിലും തങ്ങളെ അംഗീകരിച്ചതില്‍ വളരെ സന്തോഷമുണ്ട് എന്നാണ് അംഗന്‍വാടി ജീവനക്കാര്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്.
ബീന - അംഗന്‍വാടി ടീച്ചര്‍
നമ്മളെ ഓര്‍ത്തതിലും അംഗീകരിച്ചതിലും വളരെ സന്തോഷം. ഒത്തിരി ജോലി തിരക്കുണ്ട്. ആശമാര്‍ സമരം ചെയ്തു. ഞങ്ങളും സമരം ചെയ്യുന്നുണ്ടെങ്കിലും അവരുടെ അത്രയും ശ്രദ്ധ ലഭിച്ചില്ല. നിയമസഭയില്‍ ഇതിന് മുമ്പും ഞങ്ങളുടെ കാര്യം ഉന്നയിച്ചിട്ടുള്ളതാണ്. അന്നത്തെ മന്ത്രിസഭ അത്രയും കാര്യമാക്കി എടുത്തില്ല. ഇപ്പോള്‍ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷം. 1998ല്‍ ബാലവാടി ആയിരുന്നപ്പോഴാണ് ടീച്ചര്‍ ആയി ജോലിക്ക് കയറിയത്. അന്ന് 800 രൂപയായിരുന്നു മാസ ശമ്പളം. ഇന്ന് ആയിരം രൂപ കൂട്ടിയതില്‍ സന്തോഷമുണ്ട്.
ബിന്ദു പി.ഡി. - അംഗന്‍വാടി ടീച്ചര്‍
ഏറ്റവും സന്തോഷം. വി.ഡി. സതീശന് മുഖ്യമന്ത്രിയായി ആദ്യം തന്നെ ഞങ്ങളെ പരിഗണിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യുഡിഎഫ് 102 സീറ്റോടെ വിജയിച്ചപ്പോള്‍ തന്നെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇത്രയും പെട്ടെന്ന് ഞങ്ങളെ ഒക്കെ പരിഗണിക്കുമെന്ന് ഒട്ടും ഓര്‍ത്തില്ല.
ജിജി എന്‍.ആര്. - അംഗന്‍വാടി ആയ
സന്തോഷമുണ്ട്. കേറിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ആയിരം രൂപ കൂട്ടിയല്ലോ. 1998ല്‍ ആണ് ഞാന്‍ ആയയായി കേറിയത്. അന്ന് 350 രൂപയായിരുന്നു ശമ്പളം കിട്ടിയത്. ഇപ്പോള്‍ ആയിരം കൂട്ടിയതില്‍ വളരെ സന്തോഷം.
അതേസമയം, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ ആവശ്യങ്ങളും ഒറ്റയടിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും, വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ 9000 രൂപയാണ് ഇവരുടെ ഓണറേറിയം. ഇനി 12,000 രൂപയാണ് ഇനി ആശമാര്‍ക്ക് ലഭിക്കുക.
Kerala
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് വന്‍ സ്വീകരണം. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ധിപ്പിച്ച പ്രഖ്യാപനം സന്തോഷത്തോടെ സ്വാഗതം ചെയ്ത് ആശമാര്‍. വി.ഡി. സതീശന് തങ്ങള്‍ക്ക് നല്കിയ വാക്ക് പാലിച്ചുവെന്ന് ആശാ വര്‍ക്കര്‍മാര്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
നസീറ റസാക് - ആശാ വര്‍ക്കര്‍
ആശാ വര്‍ക്കര്‍മാരുടെ സമരം നടന്നപ്പോള്‍ വി.ഡി. സതീശന് വാക്ക് പറഞ്ഞതാണ്. തിരുവനന്തപുരത്ത് വന്ന് ഓണറേറിയം കൂട്ടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതാണ്. ഭരണത്തില്‍ കയറിയപ്പോള്‍ തന്നെ ആ വാക്ക് പാലിച്ചു. കേരളത്തിലുള്ള എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അതില്‍ സന്തോഷമുണ്ട്. അത്രയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഓരോ സ്ഥലത്തെ ആശാ വര്‍ക്കര്‍മാരും. 2008ല്‍ 500 രൂപ ശമ്പളത്തിലാണ് ആശാ വര്‍ക്കര്‍ ആയി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ 8000 രൂപയാണ് ലഭിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ അവസാന മാസം ആയിരം രൂപ കൂട്ടിയതായി പ്രഖ്യാപിച്ചിരുന്നു. 9000 ആക്കിയെന്ന് പറഞ്ഞുവെങ്കിലും അത്രയും ഞങ്ങള്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല.
സിജി - ആശാ വര്‍ക്കര്‍
സന്തോഷത്തിലാണ്. കേറിയപ്പോള്‍ തന്നെ 3000 രൂപ കൂട്ടിത്തന്നതില് ഒരുപാട് സന്തോഷമുണ്ട്.
ഡെയ്സി - ആശാ വര്‍ക്കര്‍
ഓണറേറിയം കൂട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ കൂട്ടുമെന്ന് പറഞ്ഞിരുന്നല്ലോ, അവര്‍ ആ വാക്ക് പാലിച്ചു. ഞാനിവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അന്ന് കൂടെ വര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ആശ വര്‍ക്കറെ വിമത സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി, അന്നത്തെ മന്ത്രി പി. രാജീവ് നേരിട്ട് ഇടപെട്ടാണ് എന്നെ തോല്‍പ്പിച്ചത്. അതില്‍ മാനസികമായി ആകെ വിഷമിച്ചിരിക്കുകയായിരുന്നു. രാജീവിനെ തോല്‍പ്പിക്കണമെന്ന് മനസിലുണ്ടായിരുന്നു. അത് സാധിച്ചു. യുഡിഎഫ് വന്നാല്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതില്‍ എനിക്ക് വളരെ സന്തോഷം. 20 വര്‍ഷം മുമ്പാണ് ആശ വര്‍ക്കര്‍ ആയി കയറുന്നത്. അന്ന് ശമ്പളമില്ലായിരുന്നു. ഓരോ സര്‍ക്കാര്‍ വരുമ്പോള്‍ കുറച്ചു കുറച്ച് കൂട്ടുകയാണ് ചെയ്യുന്നത്.
അതേസമയം, ആദ്യ ഘട്ടത്തില്‍ ഓണറേറിയം 3000 രൂപ വര്‍ധിപ്പിക്കും എന്നാണ് വി.ഡി. സതീശന് പ്രഖ്യാപിച്ചത്. ഭരണത്തില്‍ വാക്കും വിശ്വാസ്യതയുമാണ് പ്രധനമെന്നും, ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ പോയി നല്കിയ വാക്ക് പാലിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
മുഴുവന്‍ ആവശ്യങ്ങളും ഒറ്റയടിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും, വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ 9000 രൂപയാണ് ഇവരുടെ ഓണറേറിയം. ഇനി 12,000 രൂപയാണ് ഇനി ആശമാര്‍ക്ക് ലഭിക്കുക.
Kerala
തിരുവനന്തപുരം: നവകേരളായാത്രയിൽ ആലപ്പുഴയിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ വളഞ്ഞിട്ട് മർദിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സംഭവത്തിൽ ആലപ്പുഴ മജിസ്ട്രറ്റ് കോടതി പുനഃരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
എൽഡിഎഫ് സർക്കാർ നടത്തിയ ജനസമ്പർക്ക പരിപാടിയായ നവകേരള സദസ് ആലപ്പുഴ ജില്ലയിലെത്തിയപ്പോഴാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ കോൺഗ്രസും യുവജന-വിദ്യാർത്ഥി സംഘടനകളും കരിങ്കൊടി വീശി വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു.
ഇതിനിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച എ.ഡി തോമസ്(നിലവിലെ ആലപ്പുഴ എംഎൽഎ), അജയ് ജ്യുവൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വാർത്താ ചാനലുകൾ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം ചർച്ചയായത്. സംസ്ഥാനത്ത് ഇത്തരത്തിൽ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു.
Kerala
കൊച്ചി: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കൊച്ചിയിലും ആഘോഷം. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകരും പറവൂരിലെ നാട്ടുകാരും ആഘോഷമാക്കിയത്. പറവൂര്‍ കവലയില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷമാക്കി.
അങ്കമാലിയില്‍ നിന്നും ജയിച്ച റോജി എം. ജോണ്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കറുകുറ്റി മണ്ഡലം 17-ാം ബൂത്തിന്റെ നേതൃത്വത്തില്‍ 101 ഗുണ്ടുകള്‍ പൊട്ടിച്ചാണ് ആഘോഷമാക്കിയത്. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
എറണാകുളം നോര്‍ത്ത് സ്റ്റേഷന് പരിസരത്തും പിറവം, കളമശേരി തുടങ്ങി കൊച്ചിയിലെ നിരവധി പ്രദേശങ്ങളില്‍ സത്യപ്രതിജ്ഞ ചടങ്ങ് പടക്കംപൊട്ടിച്ച് പ്രവര്‍ത്തകരും നാട്ടുകാരും ആഘോഷമാക്കി.
പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നാല് മന്ത്രി സ്ഥാനങ്ങളാണ് എറണാകുളം ജില്ലയ്ക്ക് ലഭിച്ചത്. വി.ഡി. സതീശന് പുറമെ റോജി എം. ജോണ്‍, അനൂപ് ജേക്കബ്, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ കളമശേരിയില്‍ നിന്നും വിജയിച്ച പി. രാജീവ് മാത്രമായിരുന്നു എറണാകുളം ജില്ലയിൽ നിന്നുള്ള ഏക മന്ത്രി.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്ന് അനൂപ് ജേക്കബ് രണ്ടാം തവണയാണ് മന്ത്രിയാകുന്നത്. 2016ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. മൂന്നാം വട്ടവും അങ്കമാലിയില്‍ നിന്ന് ജയിച്ച റോജി എം. ജോണും മുസ്ലിം ലീഗിന്റെ കളമശേരി എംഎല്‍എ വി.ഇ. അബ്ദുള്‍ ഗഫൂറും ആദ്യമായാണ് മന്ത്രിസഭയില്‍ എത്തുന്നത്.
Kerala
തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട നാലാംക്ലാസുകാരി വിനോദിനി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ എത്തി. ഏറ്റവും സങ്കടകരമായ സാഹചര്യത്തിൽ തനിക്ക് കൈത്താങ്ങായ പ്രിയ നേതാവ് മുഖ്യമന്ത്രിയാകുന്നത് കുഞ്ഞുവിനോദിനി കൺനിറയെ കണ്ടു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശന സ്വദേശിയായ വിനോദിനിക്ക് ആധുനിക കൃത്രിമക്കൈ വയ്ക്കാന്‍ സഹായിച്ചതു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനാണ്. വിനോദിനിക്കു വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതും സതീശന്റെ ഇടപെടലിലായിരുന്നു.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പല്ലാവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ലഡു വിതരണത്തിനു വിനോദിനിയുമുണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം വി.ഡി.സതീശനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് വിനോദിനി പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. രണ്ടുപേരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.
സിഎംപി എംഎൽഎ സി.പി. ജോണും ആര്‍എസ്പി എംഎൽഎ ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ആറ് പേർ ദൈവനാമത്തിലും മറ്റുള്ളവർ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
Kerala
കൊച്ചി: ഇന്ന് അധികാരമേറ്റെടുക്കുന്ന വി.ഡി. സതീശന് സർക്കാരിന് വേണ്ടി എറണാകുളം പള്ളുരുത്തിയിൽ പ്രത്യേക പൂജ. കെപിസിസി സെ ക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പള്ളുരുത്തി ശ്രീ ഭവാനിശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത്. പുലർച്ചെ നട തുറന്നതോടെ ആയിരു ന്നു പൂജ.
സർവൈശ്വര്യ പൂജയും മഹാഗണപതി ഹോമവുമാണ് നടത്തിയത്. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് പൂജയും കർമങ്ങളും നടത്തിയത്. അതേസമയം, ഇന്ന് രാവിലെ പത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുക. വി.ഡി. സതീശൻ തന്നെയാണ് ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യുന്നത്.
രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറുടെ ചായസത്കാരത്തിൽ മന്ത്രിമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതിന് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുക.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഓർത്തഡോക്സ് സഭ പങ്കെടുക്കും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സർക്കാർ ക്ഷണം സ്വീകരിച്ചാണ് സഭ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുന്നത്.
ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മൻ എന്നിവർ സഭയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
സെൻട്രൽ സ്റ്റേഡിയത്തിൽ അര ലക്ഷം പേരെ ഉൾകൊള്ളാവുന്ന കൂറ്റൻ പന്തൽ ആണ് ഒരുങ്ങിയിരിക്കുന്നത്. സത്യപ്രതിജ്ഞ തത്സമയം കാണാൻ വിവിധയിടങ്ങളിൽ ബിഗ് സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. 21 അംഗ വി.ഡി. സതീശൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പരിചയ സമ്പന്നർക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ 14 പുതുമുഖ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
കോണ്‍ഗ്രസ്:
മുഖ്യമന്ത്രി വി.ഡി. സതീശന്- ധനം, പൊതുഭരണം, നിയമം, തുറമുഖം.
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്,
കെ. മുരളീധരന്- ആരോഗ്യം , ദേവസ്വം.
സണ്ണി ജോസഫ് -റവന്യു
എ.പി. അനില്‍കുമാര്‍- വൈദ്യുതി
പി.സി. വിഷ്ണുനാഥ് -സാംസ്കാരികം, ടൂറിസം.
ബിന്ദു കൃഷ്ണ -വനിതാ ശിശുക്ഷേമ വികസനം,
എം. ലിജു- എക്സൈസ്, സഹകരണം,
ടി. സിദ്ദിഖ് -വനം.
ഒ.ജെ. ജനീഷ് -യുവജന ക്ഷേമം,
റോജി എം. ജോണ്‍- ഉന്നത വിദ്യാഭ്യാസം.
കെ.എ. തുളസി- പട്ടിക ജാതി വര്‍ഗ വികസനം,
മുസ്ലിംലീഗ്
പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം
പി.കെ. ബഷീര്‍- പൊതുമരാമത്ത്
കെ.എം. ഷാജി- തദ്ദേശ ഭരണം
എന്‍. ഷംസുദീന്‍- പൊതു വിദ്യാഭ്യാസം.
കേരള കോണ്‍ഗ്രസ്
മോന്‍സ് ജോസഫ് -ജലവിഭവം, രജിസ്ട്രേഷന്.
ആര്‍എസ്പി
ഷിബുബേബിജോണ്‍- തൊഴില്‍.
സിഎംപി
സി.പി. ജോണ്‍- ഗതാഗതം.
കേരള കോണ്‍ഗ്രസ് ജേക്കബ്
അനൂപ് ജേക്കബ് -ഭക്ഷ്യ സിവില്‍ സപ്ലൈസ്.
സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും പ്രഖ്യാപിച്ചു.
(വകുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ രാത്രി വൈകിയും തുടരുന്ന സാഹചര്യത്തില്‍ നേരിയ മാറ്റങ്ങള്‍ വരാം.)
Kerala
കോട്ടയം: വി.ഡി.സതീശന് ക്യാബിനറ്റില്‍ പരിഗണിക്കപ്പെടാതെ പോയ യുവ എംഎല്‍എമാരില്‍ പ്രധാനി ചാണ്ടി ഉമ്മനാണ്. 2023ല്‍ മൂപ്പത്തിയേഴായിരത്തിലധികം വോട്ടിന് നിയമസഭയിലെത്തിയ ചാണ്ടി വളരെ കുറച്ചു സമയം കൊണ്ടു തന്നെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയ മുഖമായി മാറിയിരുന്നു. പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് സംഘം ഏറ്റെടുക്കുന്ന പല വിഷയങ്ങളിലേക്കും ആദ്യം എടുത്ത് ചാടിയതും ചാണ്ടി ഉമ്മനാണ്.
ആശാ സമരവും കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചപ്പോഴും സാധാരണക്കാരന്റെ ശബ്ദമായി ചാണ്ടി ഉമ്മനുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ചാണ്ടി ഉമ്മനെയും പുതുപ്പള്ളിയും കേരളവും ഏറ്റെടുത്തു. കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ക്കാര്‍ അനാസ്ഥയുടെ ഇരയായി ജീവന് നഷ്ടപ്പെട്ട ബിന്ദുവെന്ന വീട്ടമ്മയുടെ കുടുംബത്തിന് താങ്ങായും തണലായും ഓടിയെത്തിയ ചാണ്ടി സംസ്ഥാന ഭരണകര്‍ത്താക്കള്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാണ്.
ഉപതെരഞ്ഞെടുപ്പിനുശേഷം ലഭിച്ച മൂന്നു വര്‍ഷം കൊണ്ട് പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ഓടിനടന്ന് അടിസ്ഥാന വിഭാഗം മനുഷ്യരെ കാണുകയും പിതാവായ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്ക്കായി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനും സാധിച്ചത് രാഷ്ട്രീയക്കാരനായ ചാണ്ടി ഉമ്മനെ ഉമ്മന്‍ ചാണ്ടിയെ പോലെ ജനങ്ങള്‍ സ്വീകരിക്കാനിടയാക്കി. പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലെ ഓട്ട പ്രദക്ഷിണവും വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളേക്കാള്‍ ചാണ്ടിയെ കാണാന്‍ കാത്തുനിന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ പോയി വോട്ടഭ്യര്‍ഥിച്ച ഏക സ്ഥാനാര്‍ഥിയും സ്റ്റാര്‍ കാമ്പയിനറായി മാറിയതും ചാണ്ടി ഉമ്മനാണ്. തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും പൊരിവെയിലത്ത് സൈക്കിള്‍ ചവിട്ടിയത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഫ്ളെക്സും പോസ്റ്ററും ആര്‍ഭാടവും ഒഴിവാക്കി ആ തുകയ്ക്ക് വീട് പണിത് കൈമാറാന്‍ ചാണ്ടി ഉമ്മന്‍ തീരുമാനിച്ചപ്പോള്‍ മുതിര്‍ന്ന പല നേതാക്കളും വിലക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നൊന്നും പിന്നോട്ട് പോയില്ല, കാരണം ഉമ്മന്‍ ചാണ്ടിയ്ക്ക് ജനങ്ങളായിരുന്നു ്തി. ചാണ്ടി ഉമ്മനും അത് തന്നെയാണ് പാഠമാക്കിയത്. 52907 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തില്‍ പുതുപ്പള്ളിക്കാര്‍ ചാണ്ടിയെ നിയമസഭയിലേക്കയച്ചു.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതിയപ്പോഴെ ചാണ്ടി ഉമ്മന്‍ മന്ത്രിയാകുമെന്ന് വോട്ടര്‍മാര്‍ ഉറപ്പിച്ചിരുന്നു. മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് നോക്കിയാണ് ആ അംഗീകാരം തേടിയെത്തിയതെന്നും വ്യക്തമാണ്. കപ്പിനും ചുണ്ടിനുമിടയില്‍ സ്ഥാനമാനങ്ങള്‍ നഷ്ടമാകുന്ന, അര്‍ഹരായ പലരും അതില്‍ തഴയപ്പെടുന്നത് വരും കാലത്ത് യുഡിഎഫിന് ഗുണം ചെയ്യില്ല. 52907 വോട്ടിന്റെ ചരിത്രഭൂരിപക്ഷം ജനങ്ങള്‍ നല്കി സഭയിലേക്ക് അയച്ചത് വെറും എംഎല്‍എയായി കാണാനായിരുന്നില്ലെന്ന് ചുരുക്കം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. സമ്പൂർണ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും സതീശൻ വ്യക്തമാക്കി.
അർഹതയുള്ള പല ആളുകളേയും പല സമവാക്യങ്ങൾ നോക്കുമ്പോൾ പരിഗണിക്കാന്‍ പറ്റിയിട്ടില്ല. അതിൽ സങ്കടമുണ്ടെന്നും വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.
രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, സി.പി. ജോൺ, എ.പി. അനില്‍കുമാര്‍, കെ. മുരളീധരന്, കെ.എം. ഷാജി, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ്, റോജി എം. ജോണ്‍, കെ.എ. തുളസി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ, പി.കെ. ബഷീർ, എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.
വി.ഇ.അബ്ദുൾ ഗഫൂർ ടേം വ്യവസ്ഥയിലാണ് മന്ത്രിയാകുന്നത് എന്നാണ് സൂചന. രണ്ടര വർഷത്തിന് ശേഷം നിയുക്ത കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും.
അതേസമയം അൽപ സമയത്തിനകം മന്ത്രിമാരുടെ മുഴുവൻ വകുപ്പും പട്ടികയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളത്തിലൂടെ പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പദത്തിന് പുറമെ ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകളും വി.ഡി. സതീശൻ നേരിട്ട് കൈകാര്യം ചെയ്യും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിക്കും. കെ. മുരളീധരന് വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.
പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം) സണ്ണി ജോസഫ് (റവന്യൂ) എ.പി. അനിൽകുമാർ (ആരോഗ്യം) ടി. സിദ്ധിഖ് (വനം), ബിന്ദു കൃഷ്ണ (വനിത,ശിശുക്ഷേമം) ഒ.ജെ. ജനീഷ് (യുവജനക്ഷേമം) സി.പി. ജോൺ (ഗതാഗതം) എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ മന്ത്രിമാരുടെ വകുപ്പുകൾ.
നിലവിൽ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഈ പേരുകളും വകുപ്പുകളുമാണ് പൂർണമായും ഉറപ്പിച്ചിട്ടുള്ളത്. ഘടകകക്ഷികളുടെ മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടങ്ങുന്ന പൂർണമായ പട്ടിക രാജ്ഭവന് കൈമാറി.
Kerala
കൊച്ചി: പിണറായി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ പത്തു വര്‍ഷമായി എറണാകുളം ജില്ലയോട് കാണിച്ചത് ചിറ്റമ്മ നയമെന്ന് കൊച്ചിയിലെ നിയുക്ത എംഎല്‍എ മുഹമ്മദ് ഷിയാസ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതോടെ ജില്ലയില്‍ അര്‍ഹമായ വികസനങ്ങള്‍ വരുമെന്നും മുഖ്യമന്ത്രി മാത്രമല്ല, ജില്ലയില്‍ നിന്നും മന്ത്രിമാരും ഉണ്ടാവുമെന്നും മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അര്‍ഹമായ പ്രാതിനിധ്യം എറണാകുളം ജില്ലയില്‍ നിന്നും മന്ത്രിസഭയില്‍ ഉണ്ടാകും. മന്ത്രിസഭയില്‍ മുറഖ്യമന്ത്രിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ യോഗ്യരായ നിരവധിയാളുകള്‍ ജനപ്രതിനിധികളായി ജയിച്ചു വന്നിട്ടുണ്ട്. സ്വാഭാവികമായും അതില്‍ നിന്നും മന്ത്രിസഭയിലേക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളുകളെ പാര്‍ട്ടിയും നേതാക്കളും ചേര്‍ന്ന് തെരഞ്ഞെടുക്കും.
തുടര്‍ഭരണത്തിന് മുമ്പുള്ള കാലഘട്ടത്തിലും ജില്ലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഒരു കാലഘട്ടമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷക്കാലം എറണാകുളം ജില്ലയ്ക്ക് പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള നേട്ടങ്ങളും ഉണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലായാലും വികസന പദ്ധതികളുടെ കാര്യത്തില്‍ ആയാലും പിണറായി സര്‍ക്കാരിന്റെ ജില്ലയോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചിരുന്നത്.
പ്രത്യേകിച്ചും യുഡിഎഫിന് കൂടുതല്‍ ജനപ്രതിനിധികള്‍ ഉള്ള ജില്ല ആയതിനാല്‍ എറണാകുളത്തോട് അവഗണനയാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. യുഡിഎഫിന്റെ ഭരണ സമയത്ത് എറണാകുളം ജില്ലയ്ക്ക് കാര്യമായ സംഭാവനകള്‍, വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഉണ്ടായിട്ടുള്ളത്.
ജില്ലയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ നന്നായി അറിയാവുന്ന ഒരു മുഖ്യമന്ത്രി ഉള്ളതു കൊണ്ടും, ജില്ലയില്‍ നിന്നും മന്ത്രിമാര്‍ ഉണ്ടാവുന്നതു കൊണ്ടും ജില്ലയില്‍ അടിസ്ഥാന വികസന പദ്ധതികളുടെ കാര്യത്തില്‍ നല്ല സംഭാവന സര്‍ക്കാരില്‍ നിന്നും ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത് എന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയിൽ ആറു മന്ത്രിസ്ഥാനം വേണമെന്ന് കടുത്ത നിലപാടിൽ കെ.സി വേണുഗോപാൽ പക്ഷം.
ഘടക കക്ഷികൾക്ക് 10 മന്ത്രിസ്ഥാനം നൽകിക്കഴിഞ്ഞാൽ10 മന്ത്രിമാരാണ് കോൺഗ്രസിന് ഉറപ്പായും കിട്ടുക. ആദ്യം എട്ടു മന്ത്രിമാർ വേണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യമുന്നയിച്ചിരുന്നെങ്കിലും രമേശ് ചെന്നിത്തല പക്ഷത്തിന് പരിഗണന നൽകാനാണ് ആറായി ആയി ആവശ്യം ചുരുക്കിയത്.
ആഭ്യന്തര വകുപ്പ് എ.പി. അനിൽകുമാറിനായി ആവശ്യപ്പെടാനിരുന്നെങ്കിലും രമേശ് ചെന്നിത്തലയുടെ വിഷയം വന്നതോടെ പിന്മാറുകയായിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകളാണ് ഈ ഗ്രൂപ്പ് മുഖ്യമായും മുന്നോട്ടുവച്ചിരിക്കുന്നത്.
മൊത്തം എംഎൽഎമാരുടെ എണ്ണത്തിന്റെ 15 ശതമാനത്തിൽ കൂടരുത് മന്ത്രിമാരുടെ എണ്ണം എന്നാണ് വ്യവസ്ഥ. മുഖ്യമന്ത്രിയെ കൂട്ടിയാണ് ഈ കണക്ക്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നീ പദവികളാണ് ഇതു കൂടാതെയുള്ളത്.
Kerala
തിരുവനന്തപുരം : പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നാലു മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും നൽകാമെന്ന് ലീഗുമായി ചർച്ച നടത്തിയെങ്കിലും അതിന് വഴങ്ങാൻ ലീഗ് തയാറായിട്ടില്ല. മുൻപ് വഹിച്ചിരുന്ന വകുപ്പുകൾ തന്നെ വേണമെന്നാണ് യുഡിഎഫ് നേതൃത്വത്തോട് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടു മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിൽ സുപ്രധാനമായിട്ടുള്ള വകുപ്പ് വേണമെന്ന് നിർദേശമാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് വേണമെന്ന് നിലപാടാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. തുറമുഖ വകുപ്പ് വേണമെന്ന് നിർദേശമാണ് സിഎംപിയിലെ സി.പി. ജോൺ മുന്നോട്ടുവച്ചിരിക്കുന്നത്.
ആർഎസ്പിയും സമാനമായിട്ടുള്ള ആവശ്യമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. സുപ്രധാന വകുപ്പ് വേണമെന്ന നിർദേശമാണ് അവർക്കുള്ളത്. തൊഴിൽ വകുപ്പിനു പകരം ജലസേചന വകുപ്പ് വേണം എന്നുള്ള അഭിപ്രായമാണ് ആർഎസ്പി മുന്നോട്ടുവച്ചത്.
മുഖ്യമന്ത്രിപദം ലഭിക്കാത്തതിന്റെ പേരിൽ അസംതൃപ്തനായി നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നൽകുന്നതു സംബന്ധിച്ച് ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. അർഹമായ പരിഗണന ലഭിക്കാതെ മന്ത്രിസഭയിൽ താൻ അംഗമാകില്ലെന്നുള്ള ഉറച്ച നിലപാടാണ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനു മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ധനകാര്യവകുപ്പ് നൽകി ഉപമുഖ്യമന്ത്രിപദം കൊടുക്കാം എന്നുള്ള നിർദേശത്തിനു രമേശ് ക്യാമ്പ് വഴങ്ങിയിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചന. മുതിർന്ന നേതാവായ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അംഗമല്ലാതെ വരുന്നത് പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കും.
കോൺഗ്രസിൽ നിന്ന് ആരൊക്കെ മന്ത്രിമാർ ആകണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സാമുദായിക സമവാക്യവും ജില്ലകളുടെ പ്രാതിനിധ്യവും മന്ത്രിമാരുടെ കാര്യത്തിൽ പ്രധാനഘടകമാകും.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകൾ ഇന്നും തുടരുന്നുണ്ട്. എഐസിസി ജന. സെക്രട്ടറി കെ. സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളാണ് ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് വൈകുന്നേരത്തിനകം മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് വകുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും. ആഭ്യന്തരമന്ത്രി സ്ഥാനം നൽകി രമേശിനെ മന്ത്രിസഭയിൽ കൂടെ കൂട്ടണമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ അഭിപ്രായം.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പും എണ്ണവും അന്തിമമായിട്ടില്ല. ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. ഇന്ന് വീണ്ടും യുഡിഎഫ് യോഗവും ചേരും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറും. 21 അംഗ മുഴുവൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21 നായിരിക്കും. നയപ്രഖ്യാപന പ്രസംഗം 29ന് നടത്തും. ജൂൺ അഞ്ചിന് ആദ്യ ബജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സതീശൻ മന്ത്രിസഭയിൽ ചേരുന്നതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. ആഭ്യന്തരവകുപ്പ് വേണമെന്ന് ഉറച്ച്നിൽക്കുന്ന ചെന്നിത്തല വഴങ്ങാനാണ് സാധ്യത. രമേശുമായി സംസാരിച്ചെന്നും രമ്യമായ പരിഹാരം ഉണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
Todays Story
പ്രതിപക്ഷ പ്രവർത്തനത്തിനു പുതിയ മാനം നൽകിയ അഞ്ചു വർഷത്തിനു ശേഷം വിഡിഎസ് എന്ന് അനുയായികൾ സ്നേഹപൂർവം വിളിക്കുന്ന വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക്.
ലക്ഷക്കണക്കിനു കോണ്‍ഗ്രസ്, യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്നുകൊണ്ടാണ് വി.ഡി. സതീശൻ സെക്രട്ടേറിയറ്റിലേക്കു കടന്നുവരുന്നത്.
സാധാരണ കോണ്‍ഗ്രസ് നേതാവിന്റെ ശൈലിയിൽ നിന്നു വ്യത്യസ്തമായിരുന്നു സതീശന്റെ രീതികൾ. നിലപാടുകളുടെ കാര്യത്തിൽ വ്യക്തതയും കൃത്യതയുമുണ്ട്.
എതിർപ്പുകൾ വന്നാലും വിട്ടുവീഴ്ച ചെയ്യില്ല. രാഷ്ട്രീയ എതിരാളികളെ മുഖത്തു നോക്കി വിമർശിക്കും. ചാട്ടുളി പോലെ തുളഞ്ഞുകയറുന്ന വാക്കുകൾ.
ആത്മവിശ്വാസം പകർന്ന നേതാവ്
2021ലെ നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയോടെ ശരാശരി കോണ്‍ഗ്രസ് പ്രവർത്തകന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഭരണമില്ലാത്ത മറ്റൊരു അഞ്ചു വർഷംകൂടി കോണ്‍ഗ്രസുകാർക്കും യുഡിഎഫുകാർക്കും ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു.
നിയമസഭയിലും പുറത്തും സർക്കാരിനെ ചോദ്യം ചെയ്തും വെല്ലുവിളിച്ചും സതീശൻ കളം നിറയാൻ തുടങ്ങിയതോടെ സാധാരണ കോണ്‍ഗ്രസ് പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും ആവേശമായി.
ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഉപതെരഞ്ഞെടുപ്പുകളിലെ തകർപ്പൻ വിജയം അവരുടെ ആത്മവിശ്വാസം മടക്കിനൽകി. ഭരണത്തിലേക്കു തിരിച്ചു വരാൻ കഴിയുമെന്ന ചിന്ത യുഡിഎഫ് പ്രവർത്തകരിൽ മുളപൊട്ടിത്തുടങ്ങി.
കൃത്യമായ ലക്ഷ്യം കുറിച്ച് മികച്ച ആസൂത്രണത്തിലൂടെ ഫലപ്രദമായി അതു നടപ്പിലാക്കുന്ന ശൈലിക്കു തുടക്കം കുറിച്ചത് സതീശനാണ്. ‘ടീം യുഡിഎഫ്’ എന്ന ലേബൽ തന്നെ സതീശൻ പുറത്തിറക്കി.
ജയിച്ചാൽ ടീം യുഡിഎഫിന്റെ വിജയം എന്നും പരാജയപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വം എന്നും പരസ്യമായി പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പുകളെ നേരിടുന്ന സതീശൻശൈലി കേരള രാഷ്ട്രീയത്തിനു പുതുമയായിരുന്നു.
കോണ്‍ഗ്രസിലെ യുവനേതാക്കളെ രംഗത്തിറക്കി ഒരു ടീമായി പ്രവർത്തിക്കുന്ന ശൈലി തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും നിലന്പൂരിലും വിജയം കണ്ടു.
മന്ത്രിമാരുടെ പടതന്നെ മണ്ഡലങ്ങളിൽ ക്യാന്പ് ചെയ്തു പ്രവർത്തിച്ചിട്ടും ടീം യുഡിഎഫിലെ ചെറുപ്പക്കാരുടെ മുന്നേറ്റത്തെ തടയാൻ സാധിച്ചില്ല.
ഉപതെരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളിൽ സതീശൻ നടത്തിയ ഫലപ്രവചനം പോലും കൃത്യമായിരുന്നു. ഏതു വിഷയത്തിലായാലും സതീശനു വ്യക്തമായ അഭിപ്രായമുണ്ട്, നിലപാടുണ്ട്.
നന്നായി പഠിച്ചും ഗൃഹപാഠം ചെയ്തുമാണ് സതീശൻ നിയമസഭയിൽ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ടിരുന്നത്. ആ പ്രസംഗങ്ങൾ കേട്ടിരിക്കുന്നതു തന്നെ രസമായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ പരന്പരാഗത ‘ഒത്തുതീർപ്പു ശൈലി’ സതീശനില്ലായിരുന്നു. വെട്ടിത്തുറന്നു കാര്യങ്ങൾ പറയും. എതിർക്കേണ്ടതിനെ എതിർക്കും.
ഇതു സതീശന് പാർട്ടിക്കുള്ളിൽ ഉൾപ്പെടെ ശത്രുക്കളെ ഉണ്ടാക്കി. പക്ഷേ, പൊതുസമൂഹത്തിൽ അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർന്നുവരികയായിരുന്നു.
നിലപാടുകളുടെ രാജകുമാരൻ
നിലപാടുകളിലെ കാർക്കശ്യം സതീശന് ഒരുപാട് അനുയായികളെ സൃഷ്ടിച്ചുകൊടുത്തു. നിലന്പൂർ ഉപതെരഞ്ഞെടുപ്പു നടന്നപ്പോൾ പി.വി. അൻവറിനെ കൈകാര്യം ചെയ്ത രീതി ഉദാഹരണം.
യുഡിഎഫുമായി ഇടഞ്ഞ അൻവർ നാമനിർദേശപത്രിക നൽകി. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ തീരുമാനം.
എന്നാൽ, അൻവറിന്റെ ഭീഷണിക്കു വഴങ്ങേണ്ടെന്നായിരുന്നു സതീശന്റെ തീരുമാനം. പത്രിക പിൻവലിച്ചു വന്നാൽ ചർച്ചയാകാമെന്നു സതീശൻ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് സ്ഥാനാർഥിയെ അൻവർ തീരുമാനിക്കേണ്ടെന്നും സതീശൻ പറഞ്ഞു. എളുപ്പമുള്ള തീരുമാനമായിരുന്നില്ല അത്. അൻവറിനു മണ്ഡലത്തിൽ സ്വാധീനമുണ്ടെന്നു സതീശനും അറിയാമായിരുന്നു.
എങ്കിലും ഷൗക്കത്തിനെ ജയിപ്പിച്ചെടുക്കാമെന്ന സതീശന്റെ ആത്മവിശ്വാസം യഥാർഥത്തിൽ കോണ്‍ഗ്രസുകാരുടെ ആത്മവീര്യമാണ് ഉയർത്തിയത്. ഫലം വന്നപ്പോൾ അൻവർ നല്ല നിലയിൽ വോട്ട് പിടിച്ചിട്ടും ആര്യാടൻ ഷൗക്കത്ത് മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഈ സംഭവം കോണ്‍ഗ്രസ് അണികളിൽ സൃഷ്ടിച്ച ആത്മവിശ്വാസവും ആത്മാഭിമാനവും ചെറുതല്ലായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണം ഉയർന്നുവന്നപ്പോൾ തന്നെ സതീശൻ രാഹുലിനെ തള്ളിപ്പറഞ്ഞു. പിന്നാലെ പാർട്ടിയിൽനിന്നു പുറത്താക്കി.
ലൈംഗികാത്രിക പരാതിയിൽ കേസിൽ പെട്ടവർ വരെ ഇടതുപക്ഷത്തു സുരക്ഷിതരായി ഇരിക്കുമ്പോഴായിരുന്നു സതീശന്റെ കടുത്ത നിലപാട്. നിങ്ങൾ ഇങ്ങനെയല്ലേ എന്ന ന്യായം പറയാൻ സതീശൻ നിന്നില്ല.
സ്ത്രീകളോടു മോശമായി പെരുമാറുന്നവരോടു കോംപ്രമൈസ് ഇല്ലെന്നു സതീശൻ കാണിച്ചു കൊടുത്തു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പു സമയത്തു രാഹുലിനെതിരേ രേഖാമൂലം പരാതി വന്നപ്പോൾ യുഡിഎഫിനു പിടിച്ചു നിൽക്കാനായത് സതീശൻ നേരത്തെ സ്വീകരിച്ച നിലപാടു മൂലമായിരുന്നു.
ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ സതീശൻ ഒരുപാടു വിമർശനത്തിനു വിധേയനായി. ഒടുവിൽ സതീശൻ ആയിരുന്നു ശരി എന്നു കാലം തെളിയിച്ചു. ഇങ്ങനെ വന്ന്, വി.ഡി. സതീശൻ എന്ന ബ്രാൻഡ് കേരള രാഷ്ട്രീയത്തിൽ സവിശേഷ ഇടം നേടിയെടുത്തു തുടങ്ങുകയായിരുന്നു.
ജനപ്രിയനായി വളർച്ച
ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം നിലന്പൂർ ഉപതെരഞ്ഞെടുപ്പിലും പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് തകർപ്പൻ വിജയം നേടിയതോടെ സതീശൻ ജനപ്രീതിയിൽ മുന്നേറുകയായിരുന്നു.
പിണറായി വിജയനൊപ്പം തലപ്പൊക്കമുള്ള നേതാവില്ല എന്നതായിരുന്നു കേരളത്തിൽ യുഡിഎഫിന്റെ പരിമിതിയായി പറയപ്പെട്ടിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തെലുങ്കാനയിൽ നിലനിന്നിരുന്ന അവസ്ഥ.
അവിടെ മുഖ്യമന്ത്രി ആയിരുന്ന കെ. ചന്ദ്രശേഖർ റാവു എന്ന അതികായനൊപ്പം തലപ്പൊക്കമുള്ള നേതാക്കൾ കോണ്‍ഗ്രസിൽ ഇല്ലായിരുന്നു.
എന്നാൽ, പ്രചാരണം മുന്നോട്ടു പോയപ്പോൾ രേവന്ത് റെഡ്ഢി വൻ ജനക്കൂട്ടത്തെ ആകർഷിക്കാൻ പ്രാപ്തിയുള്ള നേതാവായി ഉയർന്നുവന്നു. തെലുങ്കാനയിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു.
വെല്ലുവിളികൾ
യുഡിഎഫ് സർക്കാരിൽ സാധാരണക്കാർക്കുള്ള ഉയർന്ന പ്രതീക്ഷ തന്നെയാണ് വി.ഡി. സതീശന്റെ ഏറ്റവും വലിയ വെല്ലുവിളി. തെരഞ്ഞെടുപ്പുകാലത്തു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതു മറ്റൊരു വെല്ലുവിളി.
സംസ്ഥാനം കടുത്ത സാന്പത്തിക ഞെരുക്കത്തിലൂടെയാണു കടന്നു പോകുന്നത്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര സമീപനത്തിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല.
കൊടുത്തുതീർക്കാനുള്ള കുടിശിഖകളും വരാനിരിക്കുന്ന ശന്പള പരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും സർക്കാരിന്റെ സാന്പത്തിക സ്ഥിതി വീണ്ടും വഷളാകുന്നതിലേക്കു നയിച്ചേക്കാം.
ഇതിനെയൊക്കെ നേരിട്ടു ഭരണം മുന്നോട്ടു കൊണ്ടു പോകുക എന്നതു ദുഷ്കരമാണ്. വരുമാനം വർധിപ്പിക്കാനും വാഗ്ദാനങ്ങൾ നടപ്പിലാക്കാനും തങ്ങൾക്കു വ്യക്തമായ പദ്ധതികളുണ്ടെന്നാണു സതീശൻ പറയുന്നത്.
പൂച്ച പെറ്റുകിടക്കുന്ന ട്രഷറി തങ്ങൾ നിറയ്ക്കുമെന്നു സതീശൻ പറഞ്ഞത് ഈയടുത്താണ്. പ്രതിപക്ഷത്തിരിക്കുന്നത് ഇടതുപക്ഷമാണെന്നും ഓർക്കേണ്ടതുണ്ട്. സമരങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും കാലമായിരിക്കും വരാനിരിക്കുന്നത്.
ഒരുവശത്ത് എൽഡിഎഫും മറുവശത്ത് ബിജെപിയും കൂടിയാകുന്പോൾ സമരകോലാഹലങ്ങളിലൂടെയാകും അടുത്ത അഞ്ചു വർഷം കേരളം കടന്നുപോകുന്നത്. ഇതിനിടെ പാർട്ടിക്കുള്ളിലെ എതിരാളികളെയും കരുതിയിരിക്കേണ്ടതുമുണ്ട്.
പുതിയ കേരളത്തിനായി
പുതുയുഗ യാത്രയിലൂടെ സതീശൻ കേരളത്തിന് ഒരു ബദൽ നിർദേശിക്കുകയായിരുന്നു. ഭരണത്തിന്റെ പോരായ്മകൾ മാത്രം പറഞ്ഞു വോട്ടു നേടുന്ന പരമ്പരാഗത ശൈലിയിൽനിന്നു മാറി വിവിധ മേഖലകളിൽ എന്തു ചെയ്യാൻ കഴിയുമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കേരളത്തിനു മുന്‍പാകെ വച്ചുകൊണ്ടായിരുന്നു വടക്കുനിന്നു തുടങ്ങിയ യാത്ര തെക്കു സമാപിച്ചത്.
നാളത്തെ കേരളം എന്തായിരിക്കണം എന്നു വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണു താൻ എന്നു സതീശൻ തെളിയിച്ചു. വിദ്യാർഥികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കുമെല്ലാം സ്വീകാര്യനായ പുതുതുലമുറ നേതാവായി വളർന്നുവരാൻ സതീശനു സാധിച്ചു.
ആ നിലയ്ക്കു പറഞ്ഞാൽ ഒരു തലമുറമാറ്റത്തിനാണു സതീശനിലൂടെ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. യുഡിഎഫിന്റെ പുതിയ സാമാജികരിൽ യുവരക്തത്തിനും പുതുമുഖങ്ങൾക്കും മുൻതൂക്കമുണ്ട്.
പുതിയ തലമുറയുടെ സ്വപ്നങ്ങളായിരിക്കണം ഇനിയുള്ള ഭരണാധികാരികളെ നയിക്കേണ്ടത്. അതിനു സതീശന്റെ നേതൃത്വത്തിനു സാധിക്കുമെന്നു കരുതാം. കേരളത്തിനു വേണ്ടത് ഒരു ജെൻ സി സർക്കർ തന്നെയാണ്.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഇന്നു ധാരണയായേക്കും. ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവര്‍ക്കു നല്‍കേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും ഘടകക്ഷികളുടെ അഭിപ്രായം തേടും.
മന്ത്രിമാരെ കൂടാതെ സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, സർക്കാർ ചീഫ് വിപ്പ് എന്നീ കാബിനറ്റ് പദവികള്‍ കൂടാതെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്, മുന്നാക്ക- പിന്നാക്ക സമുദായ ക്ഷേമ കമ്മീഷന് തുടങ്ങിയ കാബിനറ്റ് പദവികളുടെ വീതംവയ്പുമുണ്ടാകും. ഇന്നു വൈകുന്നേരം നാലിന് കന്റോണ്‍മെന്റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുക.
മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ച വരാന്‍ ഇരിക്കുന്നതേയുള്ളു. പരിചയസമ്പത്തും യുവത്വവും സാമുദായിക സമവാക്യങ്ങളും അടിസ്ഥാനമാക്കിയാകും കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാന്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആലോചനയിലുള്ളത്. ജില്ലാ പ്രാതിനിധ്യവും ചര്‍ച്ചയിലെത്തും.
എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഹൈക്കമാന്‍ഡിന്റെയും നിര്‍ദേശമനുസരിച്ചാകും കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാക്കുക. മന്ത്രിസഭയിലെത്താന്‍ തയാറായാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യവും ഉറപ്പാകും.
മന്ത്രിസഭയില്‍ എത്താന്‍ സാധ്യതയുള്ള കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ കാര്യത്തിലും മാറ്റമുണ്ടാകില്ല. ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ആവശ്യപ്പെടുന്ന മന്ത്രിസ്ഥാനവും വകുപ്പുകളും മന്ത്രിസ്ഥാനവും നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. ഡൽഹിയിൽനിന്ന് എത്തിച്ചേരുമെന്ന് കരുതുന്ന കെ.സി. വേണുഗോപാലിന്റെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചേ അന്തിമതീരുമാനമുണ്ടാകൂ.
പൂര്‍ണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നാണു മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം. എന്നാല്‍, കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായാല്‍ തിങ്കളാഴ്ച രാവിലെ 10നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ഘടകകക്ഷി നേതാക്കളുമാകും സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ളത്. മറ്റു മന്ത്രിമാര്‍ രണ്ടാം ഘട്ടത്തിലാകും സത്യപ്രതിജ്ഞ ചെയ്യുക.
മുസ്ലീംലീഗിന് നാലു മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാനുള്ള നിര്‍ദേശമാകും കോൺഗ്രസ് മുന്നോട്ടു വയ്ക്കുക. അഞ്ചാം മന്ത്രിസ്ഥാനത്തിന് ലീഗ് ആവശ്യമുന്നയിച്ചാല്‍ ഇക്കാര്യം പിന്നീടു പരിഗണിക്കും. വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള ചില വകുപ്പുകള്‍ കോണ്‍ഗ്രസും ലീഗും വച്ചുമാറുന്നതും ചര്‍ച്ചയിലെത്തും.
കേരള കോണ്‍ഗ്രസിന് പ്രധാനപ്പെട്ട വകുപ്പു കൂടാതെ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിന് കാബിനറ്റ് പദവിയിലുള്ള സുപ്രധാന സ്ഥാനം നല്‍കുന്നതും പരിഗണനയിലുണ്ട്. ആര്‍എസ്പിയുടെ ഷിബു ബേബി ജോണ്‍ തൊഴില്‍ വകുപ്പിനു പകരം മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള വകുപ്പുകളാകും ഇത്തവണ ആവശ്യപ്പെടുകയെന്നാണു വിവരം.
കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, യുഡിഎഫ് സെക്രട്ടറി കൂടിയായി സിഎംപിയുടെ സി.പി. ജോണ്‍, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാണി.സി കാപ്പന് തുടങ്ങിയവരും മന്ത്രിസഭയില്‍ എത്തിയേക്കും. അസോസിയേറ്റ് ഘടകകക്ഷിയായ ആര്‍എംപിയുടെ കെ.കെ. രമയും മൂന്നു യുഡിഎഫ് സ്വതന്ത്രന്മാരുമുണ്ട്. ഇവരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും.
Kerala
തിരുവനന്തപുരം: യാത്രാസുരക്ഷയുടെ കാര്യത്തിൽ ശൈലീമാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. മുഖ്യമന്ത്രിയുടെ യാത്രയിൽ കൂടുതൽ സുരക്ഷയുടെ ഭാഗമായുള്ള വാഹനവ്യൂഹം വേണ്ടെന്ന് സതീശൻ ഡിജിപിക്ക് നിർദേശം നൽകി.
പൈലറ്റും എസ്കോർട്ടും ഒരോന്ന് മാത്രം മതിയെന്നും മറ്റ് അകമ്പടി വാഹനങ്ങൾ വേണ്ടെന്നുമാണ് നിര്‍ദേശം. റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.
എസ്കോർട്ടും വേണ്ടെന്നായിരുന്നു സതീശൻ നിലപാടെടുത്തത്. എന്നാൽ അത് ഒഴിവാക്കാനാകില്ലെന്ന് ഡിജിപി അറിയിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയനെ വീട്ടിലെത്തിക്കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് സതീശൻ അദ്ദേഹത്തെ കണ്ടത്.
വീടിന് പുറത്തേക്ക് ഇറങ്ങിവന്ന് കൈകൊടുത്തുകൊണ്ടാണ് പിണറായി സതീശനെ സ്വീകരിച്ചത്. ഒരുമിച്ച് ചായകുടിച്ച് സൗഹൃദസംഭാഷണം നടത്തിയാണ് ഇരുവരും പിരിഞ്ഞത്.
സിഎമ്മിനു നല്ല ചിട്ടയുള്ള ആളാണ്, എനിക്കതില്ല. ഭക്ഷണം പകുതിയേ കഴിക്കുകയുള്ളു’ എന്നും ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിനിടെ സതീശന് പറഞ്ഞു.
പ്രധാനവിഷയങ്ങളിൽ ഒരുമിച്ച് നിൽക്കാൻ കഴിയട്ടെയെന്നും മുൻ സർക്കാരിന്റെ പദ്ധതികൾ നിർത്തില്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം പിണറായി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
Kerala
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്.
പിണറായി താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലഭിക്കാത്തതിന്റെ പേരില്‍ അസന്തുഷ്ടനായി കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. തന്റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമെ വി.ഡി. സതീശന്റെ മന്ത്രിസഭയില്‍ ചേരുകയുള്ളുവെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചു.
ഒരു ടേം മുഖ്യമന്ത്രിയായി തനിക്ക് അവസരം നല്‍കണമെന്നാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. ഈ ടേമില്‍ രണ്ടര വര്‍ഷമോ അടുത്ത തവണയോ തനിക്ക് അവസരം നല്‍കണമെന്ന ഉപാധിയാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. തന്റെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ എംഎല്‍എയായി അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി തുടരാനാണ് തന്റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ന് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ ചേരണമെന്നുള്ള തന്റെ ആഗ്രഹം അദ്ദേഹം ചെന്നിത്തലയെ അറിയിക്കും. ധനകാര്യവകുപ്പ് നല്കി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായാല്‍ മാത്രമെ വകുപ്പില്‍ മാറ്റം വരികയുള്ളു. തന്റെ പ്രിയപ്പെട്ട നേതാവായ രമേശ് ചെന്നിത്തലയും മന്ത്രിസഭയിലുണ്ടാകണമെന്നാണ് വി.ഡി.സതീശന്റെ ആഗ്രഹം. നല്ലൊരു ടീമായി മന്ത്രിസഭയെ നയിക്കാന്‍ ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹമാണ് വി.ഡി.സതീശന് പങ്ക് വയ്ക്കുന്നത്.
അതേസമയം, രമേശ് ചെന്നിത്തലയെ അനുകുലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. 2021 ല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും തന്നെ മാറ്റിയപ്പോള്‍ ഒരു പ്രതിഷേധവും പറയാതെ പാര്‍ട്ടി തീരുമാനം അംഗീകരിച്ചുവെന്നാണ് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല വ്യക്തമാക്കിയത്.
അന്നും ഇപ്പോഴും അച്ചടക്കമുള്ള പ്രവര്‍ത്തകനായാണ് താന്‍ നിലകൊള്ളുന്നത്. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ അവഗണിച്ചതിലുള്ള വിഷമം അദ്ദേഹം സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്. കടുത്ത തീരുമാനത്തിലേക്ക് കടക്കരുതെന്ന് ഹൈക്കമാന്‍ഡ് നേതൃത്വം രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹരിപ്പാടുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാതെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് അനുയായികള്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും രാജിവയ്ക്കാനുള്ള സന്നദ്ധത പരസ്യമായി അറിയിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ കനത്ത പരാജയത്തിലേക്കു നയിച്ചത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് പ്രവര്‍ത്തനങ്ങളാണെന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു ‘മനസിലാക്കി’ കൊടുത്ത് സിപിഎമ്മും.
തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം വി.ഡി. സതീശനെ ലക്ഷ്യംവച്ചുകൊണ്ട് പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ലേഖനമുള്‍പ്പെടെ സതീശന് അനുകൂലികള്‍ രാഹുല്‍ ഗാന്ധിക്കു മുന്നിലെത്തിച്ചു. സിപിഎമ്മിന്റെ കേരളത്തിലെ പ്രധാന ശത്രു ആരെന്ന് ഹൈക്കമാന്‍ഡിനു മനസിലാക്കികൊടുക്കാന്‍ ഇത് സഹായിച്ചുവെന്നാണു പ്രവര്‍ത്തകര്‍ പറയുന്നത്.
പരാജയത്തിനുശേഷം വി.ഡിയെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാതിരിക്കുന്ന രീതിയിലും കെ.സി. വേണുഗോപിനെ അനുകൂലിച്ചുകൊണ്ടുള്ള വാര്‍ത്തകളുമാണു സിപിഎം പാര്‍ട്ടി മുഖപത്രത്തില്‍ തുടര്‍ച്ചയായി വന്നത്.
എംഎല്‍എമാരുടെ പൂര്‍ണ പിന്തുണ കെ.സി. വേണുഗോപിലിന്, നീരിക്ഷകര്‍ സമര്‍പ്പിച്ച എംഎല്‍എമാരുടെ അഭിപ്രായ സര്‍വേയില്‍ ആദ്യ പേജില്‍ പോലും സതീശന്റെ പേരില്ല തുടങ്ങിയ തലക്കെട്ടില്‍ വന്ന വാര്‍ത്തകളെല്ലാം വി.ഡി അനുകൂലികള്‍ ഹൈക്കമാന്‍ഡിനു മുന്നിലെത്തിച്ചു. മാത്രമല്ല ,വി.ഡി. സതീശനെ വ്യക്തിപരമായി കടന്നാക്രമിച്ചുകൊണ്ട് വന്ന മുന്‍ വാര്‍ത്തകളും നേതൃത്വത്തിനു മുന്നില്‍ എത്തി.
ഇതോടെ കേരളത്തില്‍ സിപിഎം ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന നേതാവ് വി.ഡി. സതീശനെന്നു സ്ഥാപിക്കാനും കേരളത്തില്‍ സിപിഎമ്മിന് പ്രത്യേകിച്ച്, ഇടതുമുന്നണിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടിയേല്‍ക്കുക വി.ഡി സതീശന് മുഖ്യമന്ത്രിസ്ഥാനത്തേക്കു വരുന്നതായിരിക്കുമെന്ന പ്രതീതി സൃഷ്ടിക്കാനും കഴിഞ്ഞു.
ഫലത്തില്‍ സിപിഎമ്മിനെ അധികാരത്തില്‍നിന്നു തുടച്ചുനീക്കിയ ടീം യുഡിഎഫിന് നേതൃത്വം നല്കിയ വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരിക്കാന്‍ ഇടതുമുന്നണിയിലെ ഒരു വിഭാഗം നടത്തിയ നീക്കങ്ങള്‍ അവസാന നിമിഷം വിഡിക്ക് അനുകൂലമായി ഭവിക്കുകയായിരുന്നു.